പത്തനംതിട്ട: ഗവിയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ വീട്ടമ്മയ്‌ക്കായി ഏഴുവര്‍ഷമായി ഭര്‍ത്താവും മക്കളും കാത്തിരിപ്പ് തുടരുന്നു. ഗവി ഏലത്തോട്ടത്തിലെ ഓഫീസ് ക്ലാര്‍ക്കായിരുന്ന ഭൂലോക ലക്ഷ്മി (44) നെയാണ് 2011 ആഗസ്റ്റ് 13ന് രാത്രിയില്‍ കൊച്ചുപമ്പ ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ഏഴാം നമ്പര്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കാണാതായത്.
തന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ടോ ആരെങ്കിലും അപായപ്പെടുത്തിയോ എന്നറിയണമെന്ന് ഭൂലോക ലക്ഷ്മിയുടെ ഭര്‍ത്താവ് ദാനിയേല്‍കുട്ടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിനു സഹായകമാകുന്ന തരത്തില്‍ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ ഫോണ്‍ സംഭാഷണം പോലീസിനു കൈമാറിയിട്ടും തുടര്‍ നടപടിയുണ്ടായില്ല. ഭൂലോക ലക്ഷ്മിയെ വനംവകുപ്പിന്റെ ജീപ്പില്‍ പുറത്തേക്കു കടത്തിക്കൊണ്ടു പോയെന്ന സൂചനയാണ് സംഭാഷണത്തിലുളളതെന്ന് ദാനിയേല്‍കുട്ടി പറഞ്ഞു. വനംവകുപ്പും കെഎഫ്ഡിസിയും തമ്മിലുളള അധികാര വടംവലിയില്‍ തന്നെയും ഭാര്യയേയും വനംവകുപ്പ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ദാനിയേല്‍കുട്ടി പറഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.
















