അഹമ്മദാബാദ്: നരോദ പാട്യ കേസില്‍ മുന്‍ മന്ത്രി മായാ കോട്നാനിയെ ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതി അവരെ വെറുതെവിട്ടത്. കേസില്‍ വിചാരണ കോടതിയുടെ ശിക്ഷാവിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
സ്വന്തമായി നഴ്‌സിങ്ങ് ഹോം നടത്തിയിരുന്ന ഗൈനക്കോളജിസ്റ്റാണ് മായാ കോട്നാനി. താന്‍ നിരപരാധിയാണെന്നും കൂട്ടക്കൊല നടക്കുന്ന സമയത്ത് താന്‍ ആശുപത്രിയിലും പിന്നീട് നിയമസഭയിലും ആയിരുന്നുവെന്ന് കോട്നാനി വ്യക്തമാക്കിയിരുന്നു. ഇത് തെളിയിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും തന്റെ ആശുപത്രി ജീവനക്കാരെയും മായാ കോട്‌നാനി കോടതിയില്‍ ഹാജരാക്കിയിരുന്നു.
കലാപം നടക്കുന്ന സമയം കോട്‌നനി നിയമസഭയിൽ ആയിരുന്നെന്നും നരോദാ ഗാമിൽ ഉണ്ടായിരുന്നില്ലെന്നും അമിത് ഷാ കോടതിയിൽ വ്യക്തമാക്കിയിരുന്നു. നേരത്തെ വിചാരണ കോടതി കേസിലെ 29 പ്രതികളെ ശിക്ഷിച്ചിരുന്നു. അതേസമയം കേസിലെ പ്രതിയായ ബാബു ബജരംഗിയുടെ ജീവപര്യന്തം ശിക്ഷ ശരിവയ്‌ക്കുകയും ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദി മന്ത്രിസഭയില്‍ വനിത-ശിശു ക്ഷേമ മന്ത്രിയായിരുന്നു മായ കോട്‌നാനി
കേസിൽ കോട്നാനിക്ക് 28 വർഷം തടവുശിക്ഷ ലഭിച്ചിരുന്നെങ്കിലും അനാരോഗ്യം കണക്കിലെടുത്ത് ഹൈക്കോടതി ഇവർക്ക് സ്ഥിരജാമ്യം നൽകിയിരുന്നു.
















