കണ്ണൂര്‍: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ സമരം ചെയ്തുവന്ന വയല്‍ക്കിളി കൂട്ടായ്‌മയുടെ സമരപ്പന്തല്‍ പൊളിച്ച് നീക്കിയതിനെതിരെയുള്ള പുതിയ സമരത്തിന് തുടക്കമായി.
തളിപ്പറമ്പിൽ നിന്ന് ആരംഭിച്ച മാര്‍ച്ചിന് നൂറ് കണക്കിനു പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നുണ്ട്. ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരിലുള്ള മാര്‍ച്ച് വയലില്‍ സമാപിക്കും. സി.പി.എമ്മുകാര്‍ കത്തിച്ച സമരപ്പന്തലിന് പകരമായി കീഴാറ്റൂര്‍ വയലില്‍ പുതിയ സമരപ്പന്തല്‍ സ്ഥാപിച്ചിട്ടുണ്ട്. കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍, പി.സി.ജോര്‍ജ് എം.എല്‍.എ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേ സമയം കീഴാറ്റൂരില്‍ നടക്കുന്ന സമരങ്ങള്‍ കാണാന്‍ പോലും പാടില്ലെന്നാണ് സി.പി.എം നേതൃത്വം അണികള്‍ക്കു നിര്‍ദേശം നല്‍കിയത്. കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരത്തിനെതിരെ സിപിഎം പ്രയോഗിക്കുന്നത് പഴയ കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ അടിച്ചമര്‍ത്തിയ ഫ്യൂഡല്‍ മാടമ്പിമാരുടെ തന്ത്രങ്ങളാണെന്ന്‍ മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി. എം സുധീരന്‍ ആരോപിച്ചു.
കമ്മ്യൂണിസ്‌റ്റ് സര്‍ക്കാരില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നയങ്ങളാണു കീഴാറ്റൂരില്‍ സി.പി.എമ്മില്‍ നിന്ന് ഉണ്ടായതെന്ന് സുധീരന്‍ പറഞ്ഞു. മഹാരാഷ്‌ട്രയിലും രാജ്യത്തെ മറ്റു ഭാഗങ്ങളിലും കര്‍ഷകര്‍ക്കായി സമരം നടത്തുകയും അവരോടൊപ്പം ചേരുകയും ചെയ്യുന്ന പാര്‍ട്ടി ഇവിടെ വയല്‍ നികത്താന്‍ സമരം നടത്തുകയാണെന്നും സുധീരന്‍ ആരോപിച്ചു.
















