കഥകളി ഏറെ കണ്ടിട്ടുണ്ട്. അതില്‍ത്തന്നെ കീചകവധം ഏറെ ആസ്വദിച്ച കഥകളില്‍ ഒന്നാണ്. അവിടെ അരങ്ങില്‍ കീചകനും സൈരന്ധ്രിക്കുമാണല്ലോ പ്രാധാന്യം. രണ്ടാം സ്ഥാനത്തു വലലനും. പിന്നെ ശ്രദ്ധിക്കപ്പെടുക ഗായകരും മേളക്കാരുമാണ്. പാട്ടിന് വലിയ സാധ്യതയുള്ള കഥയാണല്ലോ കീചകവധം. മിക്കപ്പോഴും ആരാലും ശ്രദ്ധിക്കപ്പെടാതെ, ചടങ്ങെന്നപോലെ വന്നു പോകുന്ന കഥാപാത്രമാണ് സുദേഷ്ണ. മുന്‍പ്, നോട്ടീസിലും ബോര്‍ഡിലും മറ്റും കഥാപാത്രങ്ങളുടെ പേരും അഭിനയിക്കുന്നവരുടെ പേരും എഴുതുമ്പോള്‍ സുദേഷ്ണ എന്നതിനു നേരെ കളിയോഗം എന്നു മാത്രം എഴുതുന്നൊരു കാലമുണ്ടായിരുന്നു. അത്രയേ അതിനു പരിഗണനയുള്ളൂ എന്ന വ്യക്തമായ സൂചന.
കഥാപാത്രമെന്ന നിലയില്‍ തീര്‍ച്ചയായും സൈരന്ധ്രിക്കു തന്നെയാണ് പ്രാധാന്യം. അന്തപ്പുര പരിചാരികയാകാന്‍ അനുവാദം ചോദിച്ച് രാജ്ഞിയെ മുഖം കാണിക്കാന്‍ എത്തിയതാണെങ്കിലും അഭിനയ സാധ്യത കൂടുതല്‍ സൈരന്ധ്രിയ്‌ക്കാണല്ലോ. അതേ സമയം, സുദേഷ്ണ രാജ്ഞിയാണ്. മനസ്സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രവുമാണ്. അവതരണത്തില്‍ അതു നിഴലിച്ചു നില്‍ക്കേണ്ടതല്ലേ? അത് മിക്കപ്പോഴും കാണാറില്ല. അരങ്ങുപരിചയം കുറഞ്ഞ കുട്ടികളോ വിദ്യാര്‍ഥികളോ ആയിരിക്കും അധികവും ആ സ്ഥാനത്തേയ്‌ക്കു നിയോഗിക്കപ്പെടുക. നായികാ കഥാപാത്രമായി കൂടെയുള്ളത് ആശാന്‍മാരോ മുതിര്‍ന്നവരോ ഗ്ലാമര്‍ വേഷക്കാരോ ആണെങ്കില്‍ ഇത്തരം വേഷക്കാര്‍ അവര്‍ക്കുമുന്നില്‍ ഒതുങ്ങിപ്പോകുന്നതു സ്വാഭാവികം. ഫലത്തില്‍, പരിചാരികയ്‌ക്കു മുന്നില്‍ രാജ്ഞി പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന അനുഭവമാണ് കാണാറുള്ളത്. ഇതൊരു നാട്ടുനടപ്പായി അംഗീകരിച്ചപോലെ, പല മുതിര്‍ന്ന വേഷക്കാര്‍ പോലും ചടങ്ങുപോലെ അഭിനയിച്ചുതീര്‍ത്തു മടങ്ങുന്നതാണ് കണ്ടിട്ടുള്ളത്.
ഇതില്‍ നിന്നു വ്യത്യസ്തയായൊരു സുദേഷ്ണയെ കണ്ടത്, ഇന്ദുജ ചെറൂളിയില്‍ എന്ന നടിയുടെ അവതരണത്തിലാണ്. എറണാകുളം ടിഡിഎം ഹാളിലായിരുന്നു അരങ്ങ്. വനിതാ സംഘത്തിന്റെ കഥകളി. കീചകന്‍ പാര്‍വതി മേനോന്‍. സൈരന്ധ്രി ഹരിപ്രിയ നമ്പൂതിരി. എല്ലാവരും നിലവാരത്തിലേക്കുയര്‍ന്ന കളിയില്‍, കീചകനും സൈരന്ധ്രിക്കും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ശക്തയായ കഥാപാത്രമായി സുദേഷ്ണ മാറുന്നതാണ് കണ്ടത്.
അറിഞ്ഞു കൈകാര്യം ചെയ്താല്‍ ഏതു കഥാപാത്രത്തിനും അവരുടേതായ വ്യക്തിത്വം ഉണ്ടാകും എന്നു തെളിയിക്കുന്നതായിരുന്നു ഇന്ദുജയുടെ അവതരണം. തിരശീല താഴ്‌ത്തുമ്പോഴത്തെ ആ ഇരിപ്പുമുതല്‍ അതു പ്രകടമായിരുന്നു. നോക്കിലും പ്രതികരണത്തിലും ചൊല്ലിയാട്ടത്തിലും മുദ്രക്കൈകളിലും എന്നല്ല ഓരോ ചലനത്തിലും ആ രാജകീയ ഭാവവും കുലീനത്വവും നിറഞ്ഞു നിന്നു. കീചകനെ കാണുമ്പോള്‍ സഹോദരനോടുള്ള വാല്‍സല്യവും അയാളുടെ ആവശ്യം കേള്‍ക്കുമ്പോഴത്തെ അസ്വസ്ഥതയും ജാള്യവും ക്രമേണ അവന്റെ നിര്‍ബന്ധത്തിനു വഴങ്ങുമ്പോഴും മുഖത്തു നിഴലിക്കുന്ന കുറ്റബോധവും കഥാപാത്രത്തിന്റെ മനസ്സു തുറന്നു കാണിക്കുന്നതായി. ചെയ്യുന്നതു തെറ്റാണെന്ന ബോധം അവസാനംവരെ ഒളിഞ്ഞും തെളിഞ്ഞും മുഖത്തു പ്രകടം. സൈരന്ധ്രിയെ കാണുമ്പോഴും അവള്‍ക്കു നിര്‍ദേശം നല്‍കുമ്പോഴുള്ള കപട സ്നേഹ പ്രകടനത്തിലും അത് ഒളിച്ചുവച്ചിരിക്കുന്നു. നിര്‍ദേശം കേട്ട്, പലതടവുമതിനു പറഞ്ഞു ദയയ്‌ക്കു യാചിക്കുന്ന സൈരന്ധ്രിയുടെ മുഖത്തേയ്‌ക്കു നോക്കാന്‍ ധൈര്യമില്ലാതെ, തിരിച്ചു പിടിച്ച മുഖത്തും ഉള്ളിലെ കുറ്റബോധം പ്രകടം. കൃത്രിമമായ പരുഷ മൊഴിയും പാത്രം മുന്നിലേയ്‌ക്കു തള്ളിക്കൊടുത്തുള്ള മടക്കവും ശ്രദ്ധേയമായി. കഥാപാത്രത്തിന്റെ മാനസിക നിലയും മുഖഭാവവും മാറിമറിയുമ്പോഴും പാത്രബോധവും നിലയും ഉടനീളം കാത്തു നിലനിര്‍ത്തി. ഇതുതന്നെയല്ലേ യഥാര്‍ഥ സുദേഷ്ണ എന്ന് ചിന്തിപ്പിക്കുന്ന പ്രകടനം.
കഥാസന്ദര്‍ഭം മനസ്സിലാക്കി, കഥാപാത്രങ്ങളെ സ്വയം വ്യാഖ്യാനിച്ച് അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്നതാണ് കഥകളിയുടെ പ്രത്യേകത. ഇവിടെ സുദേഷ്ണയെ ഇന്ദുജ ഭംഗിയായി വ്യാഖ്യാനിച്ചു. അതിനനുസരിച്ച് അവതരിപ്പിക്കുകയും ചെയ്തു. ഇതൊരു ഓര്‍മപ്പെടുത്തലായി കാണാം. ഞങ്ങളും ഇവിടെയുണ്ട് എന്ന്, ഇത്തരം അപ്രധാനമെന്നു പൊതുവെ വിലയിരുത്തപ്പെടുന്ന കഥാപാത്രങ്ങള്‍ക്കുവേണ്ടി, സുദേഷ്ണ ഈ കലാകാരിയിലൂടെ നമ്മേ ഓര്‍മപ്പെടുത്തുകയായിരിക്കണം. ആ ദൗത്യം ഏറ്റെടുക്കണമെങ്കില്‍, കഥാപാത്രത്തെ ആഴത്തില്‍ പഠിക്കുകയും അവരുടെ മനസ്സ് അറിയുകയും വേണം. ഈ കലാകാരി അതു ഭംഗിയായി നിര്‍വഹിച്ചു.
തിരുവേഗപ്പുറയില്‍ കലാമണ്ഡലം സാജന്‍ ആശാന്റെ കളരിയില്‍ ചൊല്ലിയാടി പഠിച്ച ഇന്ദുജ, കഥകളിയുടെ പശ്ചാത്തലമുള്ള രണ്ടു കുടുംബങ്ങളുടെ പ്രതിനിധിയാണ്. തിരുവേഗപ്പുറ ചെറൂളിയില്‍ സി.എസ്. നാരായണന്റേയും ശൈലജയുടേയും മകള്‍, മദ്ദള ആചാര്യനായിരുന്ന ചാലക്കുടി നാരായണന്‍ നമ്പീശന്റെ മകനും മദ്ദള കലാകാരനുമായിരുന്ന ജൂനിയര്‍ നാരായണന്‍ നമ്പീശന്റെ പുത്രപത്നിയാണ്. ഭര്‍ത്താവ് രോഹിത് തായമ്പക കലാകാരന്‍. ഇവര്‍ക്കു രണ്ടു കുട്ടികള്‍. ഇന്ദുജയുടെ ഇളയ സഹോദരി ഗായത്രിയും കഥകളി വിദ്യാര്‍ഥിനിയാണ്.
ഇങ്ങനെയൊരു സുദേഷ്ണയെ കണ്ടതായി ഓര്‍മയില്ലെങ്കിലും, പിന്നോട്ടു ചിന്തിച്ചപ്പോള്‍ ഓയൂര്‍ രാമചന്ദ്രന്‍ എന്ന കലാമണ്ഡലം രാമചന്ദ്രന്‍ ആശാനെ ഓര്‍മവന്നു. ഏതു കഥാപാത്രത്തിനും സ്വന്തം വ്യാഖ്യാനത്തിലൂടെ ജീവന്‍ പകരുന്ന ആ നടന്‍, സുദേഷ്ണയേയും ഇതേ ശൈലിയില്‍ അവതരിപ്പിച്ചതായി കേട്ടിട്ടുണ്ട്. കാണാനുള്ള അവസരം കിട്ടിയിട്ടില്ല. രാമചന്ദ്രന്‍ ആശാനായതുകൊണ്ട് അതു വിശ്വസിക്കാം. അതാണ് ആശാന്റെ ശൈലിയെന്ന് ഇതുവരെ കണ്ട വേഷങ്ങളിലൂടെ മനസിലായിട്ടുണ്ട്.
അപ്രധാന കഥാപാത്രങ്ങളെ പാടേ അവഗണിക്കുന്ന ശൈലി കഥകളിയുടെ കൂടെപ്പിറപ്പാണ്. ഈ അവസ്ഥ കൂടുതലും നേരിടേണ്ടിവരുന്നത് സ്ത്രീകഥാപാത്രങ്ങള്‍ക്കാണുതാനും. ആദ്യ കാലങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ അരങ്ങത്തുവരാറേ ഇല്ലെന്നു കേട്ടിട്ടുണ്ട്. പിന്നീട് അരങ്ങില്‍ വരാന്‍ തുടങ്ങിയപ്പോഴും, മുദ്രയും താളവും തെറ്റാതെ ചൊല്ലിയാടുന്ന ഒരാള്‍ ആ സ്ഥാനത്തു വേണമെന്നല്ലാതെ അതിനു പ്രത്യേകിച്ച് ഒരു പരിഗണനയും നല്‍കിയിരുന്നില്ലത്രെ. കരുത്തുറ്റ സ്ത്രീ കഥപാത്രങ്ങളുടെ രംഗപ്രവേശം തെക്കന്‍ കേരളത്തില്‍ കുടമാളൂര്‍ കരുണാകരന്‍ നായര്‍ ആശാന്റേയും വടക്ക് കോട്ടയ്‌ക്കല്‍ ശിവരാമന്‍ ആശാന്റേയും വരവോടെയാണെന്നാണ് അറിഞ്ഞിട്ടുള്ളത്. ഇന്നു പക്ഷേ, കഥകളിയില്‍ വനിതാരംഗം വളരെ സജീവവും കരുത്തുള്ളതുമായിക്കഴിഞ്ഞു. അപ്പോഴും നായികാ കഥാപാത്രങ്ങളുടെ നിഴലില്‍ മറ്റു കഥാപാത്രങ്ങള്‍ക്കു പരിഗണന കിട്ടാതെ പോകുന്നുണ്ട്. ഉത്തരാസ്വയംവരത്തിലെ പതിഞ്ഞ പദത്തില്‍ ഭാനുമതി എന്ന കഥാപാത്രത്തിന് എത്രമാത്രം അഭിനയ സാധ്യതയുണ്ടെന്ന് ശരിക്കു ബോധ്യമായത് കോട്ടയം കളിയരങ്ങിലെ ഒരു കളിയില്‍ കലാമണ്ഡലം ബാലസുബ്രഹ്ണ്യന്‍ ആശാന്റെ ദുര്യോധനനോടൊപ്പം ഭാനുമതിയായി മാര്‍ഗി വിജയകുമാര്‍ അരങ്ങില്‍ വന്നപ്പോഴാണ്. കല്യാണസൗഗന്ധികത്തിലെ ഭീമന്‍ പതിഞ്ഞ പദമാടുമ്പോള്‍, പാഞ്ചാലിയായി അടുത്തു നില്‍ക്കുന്ന ആര്‍എല്‍വി രാധാകൃഷ്ണന്റെ മുഖത്ത് അലയടിച്ചത്, അനുഭവിച്ചു തീര്‍ത്ത ജീവിത യാഥാര്‍ഥ്യങ്ങളുടെ അലകടലായിരുന്നു എന്ന് ഒരു ആസ്വാദകന്‍ പറഞ്ഞത് ഓര്‍മവരുന്നു.
ഇതൊന്നും ആട്ടക്കഥയില്‍ പറഞ്ഞതോ കളരിയില്‍ ചൊല്ലിയാടിച്ചതോ അല്ലല്ലോ. അതു കഥാപാത്രങ്ങളെ അറിഞ്ഞ നടന്റെയോ നടിയുടേയോ ഭാവനയില്‍ വിരിയുന്നതാണ്. അതാണു കഥകളിയുടെ സൗന്ദര്യവും സാധ്യതയും കരുത്തും. കഥാപാത്രങ്ങളുടെ മനസ്സിലൂടെയുള്ള ഇത്തരം സഞ്ചാരമാണ് ഓരോ നടന്റേയും നടിയുടേയും കലാജീവിതം. ആ സഞ്ചാരത്തേക്കുറിച്ചാണ് ഇന്ദുജയിലൂടെ സുദേഷ്ണ ഓര്‍മിപ്പിക്കുന്നത്.
















