മനുഷ്യന്റെ അന്തരംഗത്തിലെ അനശ്വരവും നശ്വരവുമായിട്ടുള്ള സൂക്ഷ്മതത്ത്വങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള ഉപനിഷത്തുകളിലെ ദര്‍ശനം തത്ത്വശാസ്ത്രപരമായും മനഃശാസ്ത്രപരമായും അത്യന്തം ഗൗരവമുള്ളതാണ്. വ്യക്തിയുടെ യഥാര്‍ത്ഥ സ്വത്വം അനശ്വരമായ ആത്മാവാണെന്നത് ഉപനിഷത്തുകളുടെ പൊതുദര്‍ശനമാകുന്നു. ആത്മാവില്‍ നിന്ന് അകലുന്നത് അസുരസ്വഭാവമാണെന്നാണ് ഈശാവാസ്യ ഉപനിഷത്ത് വ്യക്തമാക്കുന്നത്. ആത്മജ്ഞാനമാകുന്ന പ്രകാശത്തെ വിട്ട് ഭൗതിക തൃഷ്ണയില്‍ രമിക്കുന്നതിനായി ബുദ്ധി, അഹം, മനസ്സ്, ഇന്ദ്രിയങ്ങള്‍ എന്നിവയുമായി താദാത്മ്യം പ്രാപിച്ചു നില്‍ക്കുന്നവര്‍ അജ്ഞാനമാകുന്ന അന്ധകാരത്തില്‍ പതിക്കുന്നുവെന്നാണ് ഇതില്‍ പറയുന്നത്. ഈ അവസ്ഥ അസുരന്റേതാണെന്ന വ്യാഖ്യാനം ‘അസുര്യാ’ (ആത്മജ്ഞാനമാകുന്ന പ്രകാശമില്ലാത്തത്) എന്ന വാക്കില്‍ അധിഷ്ഠിതമാണ്. കൂടാതെ ‘ദിവ്’ എന്ന ധാതു ‘പ്രകാശിക്കുന്നത്’ എന്ന അരര്‍ത്ഥമുള്‍ക്കൊള്ളുന്നതാണ്. അതിനാല്‍ ‘ദേവ’ ശബ്ദത്തിന് ആത്മപ്രകാശമുള്ളതെന്നും ‘അസുര’ ശബ്ദത്തിന് ആത്മപ്രകാശത്തെ നിരസിക്കുന്നതെന്നുമാണ് അര്‍ത്ഥഭേദം. ഈ ഭേദം ഛാന്ദോഗ്യോപനിഷത്തിലെ ഒരു സന്ദര്‍ഭം വിശദീകരിക്കുന്നതാണ്. ഇതിലുപരി, സ്വത്വ പുനഃസ്ഥാപനം സംബന്ധിച്ച് ഛാന്ദോഗ്യം നല്‍കുന്ന അമൂല്യമായിട്ടുള്ള ഉപദേശവും ഈ സന്ദര്‍ഭത്തില്‍ കാണാന്‍ സാധിക്കും:
സുരന്മാരുടെ ചക്രവര്‍ത്തിയായ ദേവേന്ദ്രന്‍ ആത്മവിദ്യ പഠിക്കണമെന്ന ഉദ്ദേശത്താല്‍ ബ്രഹ്‌മലോകത്തേക്ക് ഗമിച്ചു. ഇക്കാര്യം അറിഞ്ഞയുടന്‍ തന്നെ അസുരചക്രവര്‍ത്തിയായ വിരോചനനും ബ്രഹ്‌മാവിന്റെയടുക്കലെത്തി. സൃഷ്ടിരഹസ്യം പഠിക്കുന്നതില്‍ അസുരന്മാര്‍ പൊതുവെ തല്‍പ്പരരാകുന്നു. ദേവന്മാരെ വെല്ലാനുള്ള ശക്തിയാര്‍ജിക്കാന്‍ ഇതുപകരിക്കുമെന്ന ധാരണയാണ് അവരുടെ താല്‍പ്പര്യത്തിനുപിന്നില്‍. ബ്രഹ്‌മാവ് രണ്ടുപേരോടും ആത്മവിദ്യക്കായി ആദ്യം തപസ്സനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചു. തപോബലം നേടിയ അവരോട് ഒരു ജലപാത്രത്തില്‍ നോക്കാന്‍ ആജ്ഞാപിച്ചു. അവര്‍ അതില്‍ അവരുടെ പ്രതിബിംബം കണ്ടു. ബ്രഹ്‌മാവ് പറഞ്ഞു: അതില്‍ കാണുന്നത് നിങ്ങളുടെ ആത്മാവിന്റെ പ്രതിബിംബമാണ്. വിരോചനന്‍ ഉടന്‍ മടങ്ങിപ്പോയി മറ്റ് അസുരന്മാര്‍ക്കും ആത്മവിദ്യ പ്രദാനം ചെയ്തു: ‘നമ്മള്‍ ആത്മാക്കള്‍ തന്നെയാകുന്നു.’ ഇപ്രകാരം ശരീരത്തിലധിഷ്ഠിതമായ അഹംബോധമാണ് ആത്മാവ് എന്നവര്‍ തെറ്റിദ്ധരിച്ചു. എന്നാല്‍ ഇന്ദ്രന്‍ ഈ അല്‍പ്പവിദ്യകൊണ്ട് ഒട്ടും തൃപ്തനായില്ല. ഇന്ദ്രന്റെ യുക്തിബോധം ഇപ്രകാരം ചിന്തിപ്പിച്ചു: ശരീരത്തിന് കണ്ണോ മൂക്കോ നഷ്ടപ്പെട്ടാല്‍ ആത്മാവ് വികലമാകുമോ? ഇന്ദ്രന്‍ വീണ്ടും ചമത കയ്യിലേന്തി ബ്രഹ്‌മാവിനെ സമീപിച്ച് ഈ സംശയമുന്നയിച്ചു. ബ്രഹ്‌മാവ്: സ്വപ്‌നത്തില്‍ നീ സ്വയം നിന്നെ കാണാറുണ്ടല്ലോ. അങ്ങനെയുള്ള നീ എത്ര സ്വതന്ത്രനാണ്. അപ്പോള്‍ നിനക്ക് കേടുപാടുകളൊന്നും യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നില്ലല്ലൊ. അതിനാല്‍ അതാണ് നിന്റെ ആത്മസ്വരൂപം. പക്ഷേ ഇന്ദ്രന്റെ യുക്തി വീണ്ടും ചോദ്യമുന്നയിച്ചു: സ്വപ്‌നത്തിലെ ആത്മാവിന് അപകടം സംഭവിക്കുന്നില്ല. പക്ഷെ അത് ഭയം, ദുഃഖം മുതലായവ അനുഭവിക്കുന്നുണ്ടല്ലൊ. ബ്രഹ്‌മാവ് പറഞ്ഞു: സ്വപ്‌നം ശമിച്ച് സുഷുപ്തിയിലാണെങ്കില്‍ നീ ഇതൊന്നും തന്നെ അനുഭവിക്കുന്നില്ല. അതില്‍ ആനന്ദം മാത്രമേയുള്ളു. ഇന്ദ്രന്‍: പക്ഷേ ആ അവസ്ഥ ഞാന്‍ അറിയുന്നില്ലല്ലോ. ഇപ്രകാരം ആത്മവിദ്യയില്‍ അങ്ങേയറ്റം ബദ്ധശ്രദ്ധനായ ഇന്ദ്രന് ഒടുവില്‍ ബ്രഹ്‌മാവ് ആത്മാവിനെപ്പറ്റിയുള്ള ശരിയായ വിദ്യ പ്രദാനം ചെയ്യുന്നു: ‘ആത്മാവ് സര്‍വ്വാന്തര്യാമിയും ത്രിഗുണരഹിതവും നിരാകാരവും നിര്‍വികാരവും ചിദാനന്ദ സ്വരൂപവുമാകുന്നു.’
വ്യക്തിയുടെ യഥാര്‍ത്ഥ സ്വത്വം ശരീരവുമായി താദാത്മ്യം പ്രാപിച്ചു നില്‍ക്കുന്ന അവസ്ഥയല്ല, മനസ്സുമായി യോജിച്ചുനില്‍കുന്ന അവസ്ഥയുമല്ല എന്നതാണ് ഇവിടെ വ്യക്തമാകുന്നത്. സുഷുപ്തിയില്‍ ആത്മാനന്ദം അനുഭവിക്കുന്നുണ്ടെങ്കിലും സ്വയം അറിയുന്നില്ല. അതിനാല്‍ അജ്ഞത നിലനില്‍ക്കുന്നു. ഈ മൂന്ന് അവസ്ഥകളെയും അതിക്രമിച്ചു നില്‍ക്കുന്ന അവസ്ഥയിലാണ് യഥാര്‍ത്ഥ സ്വത്വ സാക്ഷാത്കാരമുണ്ടാകുന്നത്.
അനശ്വരമായ ആത്മാവിനെ ആശ്രയിച്ചാണ് മനസ്സും ഇന്ദ്രിയങ്ങളും ശരീരവും നിലനില്‍ക്കുന്നത്. മുണ്ഡകോപനിഷത്തിലെ മന്ത്രങ്ങളും ഇക്കാര്യം ഉദ്‌ഘോഷിക്കുന്നുണ്ട്:
യസ്മിന്‍ ദ്യൗഃ പൃഥിവീ ചാന്തരിക്ഷം
ഓതം മനഃസഹ പ്രാണൈശ്ച സര്‍വൈഃ
തമേവൈകം ജാനഥ ആത്മാനം അന്യാ
വാചോ വിമുഞ്ചഥ അമൃതസൈ്യഷ സേതുഃ 2.2.5
യാതൊന്നിലാണോ സ്വര്‍ഗവും ഭൂമിയും അന്തരീക്ഷവും ഇന്ദ്രിയങ്ങളോടുകൂടിയ സകല പ്രാണികളും മനസ്സും ആശ്രയിച്ചിരിക്കുന്നത്, ആ ഒന്നിനെ ആത്മാവായി അറിയുക. അപരവിദ്യാവിഷയങ്ങളാകുന്ന മറ്റ് വാക്കുകളെയെല്ലാം വിട്ടുകളയുക. ഈ അറിവാകുന്നു അമരത്വത്തിലേക്കുള്ള പാലം.
സ്വത്വസാക്ഷാത്കാര മാര്‍ഗം
ആത്മസാക്ഷാത്കാരം നേടുന്നതിനായി വ്യക്തികളുടെ സ്വഭാവഭേദമനുസരിച്ചും ഇഷ്ടാനുസരണവും പല മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. അവയില്‍ പ്രധാനപ്പെട്ടവ ജ്ഞാനം, കര്‍മ്മം, ഭക്തി, ധ്യാനം എന്നിവയാകുന്നു. ജ്ഞാനമാര്‍ഗത്തില്‍ സത്യവും അസത്യവും തമ്മില്‍ വേര്‍തിരിച്ചറിയുന്നത് സുപ്രധാനമാണ്. ഇതിന് വേദശാസ്ത്രപഠനമാണ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത്. അഹം ബ്രഹ്‌മ അസ്മി (ഞാന്‍ ബ്രഹ്‌മം ആകുന്നു), തത് ത്വം അസി (നീ അത്-ബ്രഹ്‌മം-ആകുന്നു), പ്രജ്ഞാനം ബ്രഹ്‌മ (ബ്രഹ്‌മം കേവല ജ്ഞാന സ്വരൂപമാകുന്നു), അയം ആത്മാ ബ്രഹ്‌മ (ഈ ആത്മാവ് ബ്രഹ്‌മമാകുന്നു) – എന്നിങ്ങനെയുള്ള ഉപനിഷത് മഹാവാക്യങ്ങളുടെ സാരം നിരന്തരം മനനം ചെയ്യുകവഴി ആത്മാവിനെ അനാത്മവസ്തുക്കളില്‍ നിന്ന് വേര്‍തിരിച്ചറിയുന്നതാണ് ജ്ഞാനമാര്‍ഗ്ഗം. ഇതിനായി ശമം (മനോ നിയന്ത്രണം), ദമം (ഇന്ദ്രിയ നിഗ്രഹം), ഭൗതിക വിഷയങ്ങളില്‍ നിന്നു വിരമിക്കല്‍ മുതലായ നിഷ്ഠകള്‍ പാലിക്കേണ്ടതുണ്ട്.
കര്‍മ്മമാര്‍ഗം– കര്‍മ്മത്തെയും ജഞാനത്തെയും വിപരീത തട്ടുകളിലാക്കുന്നത് സാധകരുടെ ഇടയില്‍ പതിവാണ്. കാരണം അവ വിപരീത ഫലങ്ങളോടുകൂടിയതാണ്. കര്‍മ്മം ബന്ധനത്തിലാക്കുന്നു, ജ്ഞാനം മോക്ഷത്തിലേക്ക് നയിക്കുന്നു. പക്ഷേ കര്‍മ്മം രണ്ടുവിധമുണ്ട്- കാമ്യകര്‍മ്മം, നിഷ്‌കാമ കര്‍മ്മം എന്നിങ്ങനെ. ആഗ്രഹപൂര്‍ത്തീകരണത്തിനായി ഫലേച്ഛയോടുകൂടി ചെയ്യുന്നത് കാമ്യകര്‍മ്മം; സ്വാര്‍ത്ഥമോഹങ്ങള്‍ ത്യജിച്ചുകൊണ്ടുള്ള കര്‍മ്മത്തെ നിഷ്‌കാമ കര്‍മ്മം എന്നു വിളിക്കുന്നു. നിഷ്‌കാമ കര്‍മ്മികള്‍ ലക്ഷ്യംവയ്‌ക്കുന്നത് ലോകനന്മയോ ഈശ്വരപ്രീതിയോ ആകാം. യഥാര്‍ത്ഥത്തില്‍ ബന്ധനത്തിലാകുന്നത് മനസ്സാകുന്നു. അതിനാല്‍ കര്‍മ്മത്തെ ഉപേക്ഷിക്കേണ്ടതില്ല, മനസ്സിന് ബന്ധനമുണ്ടാകാത്ത രീതിയില്‍ കര്‍മ്മം അനുഷ്ഠിക്കണം. ഇതിനെയാണ് നിഷ്‌കാമ കര്‍മ്മമെന്നു വിളിക്കുന്നത്. ഇത് മറ്റ് യോഗങ്ങളെപ്പോലെ മോക്ഷത്തിലേക്കുള്ള ഒരുത്തമ മാര്‍ഗമാകുന്നു. ഭഗവദ്ഗീതയിലെ ഏറ്റവും പ്രധാനപ്പെട്ട പാഠം ഇതുതന്നെയാകുന്നു.
മനുഷ്യന്റെ കരണങ്ങള്‍ സ്വാഭാവികമായി കര്‍മ്മം ചെയ്യാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടവയാണെന്നത് ഗീത ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ മനുഷ്യര്‍ കര്‍മ്മം ഉപേക്ഷിക്കുന്നതു കരണീയമല്ല. മാത്രവുമല്ല, സജ്ജനസേവനം ലോകനന്മക്ക് അത്യന്താപേക്ഷിതമാണ്. ലോകക്ഷേമം നിലനില്‍ക്കുന്നത് സജ്ജനങ്ങളുടെ കര്‍മ്മത്താലാണ്, കാമികളുടേത് കൊണ്ടല്ല. അതിനാല്‍ കര്‍മ്മം ഉപേക്ഷിക്കലല്ല ശരിയായ മാര്‍ഗം. മനസ്സിലെ സ്വാര്‍ത്ഥമോഹങ്ങള്‍ ത്യജിച്ചുകൊണ്ട് കര്‍മ്മത്തെ സേവനമാക്കി പരിപാവനമാക്കിത്തീര്‍ക്കുന്നതാണ് കര്‍മ്മയോഗം. ഇതില്‍ അഹംഭാവം ത്യജിക്കുന്നതിലൂടെ സാധകന്‍ ആത്മസ്വരൂപത്തെ പ്രാപിക്കുന്നു.
ധ്യാനമാര്‍ഗം- ഒരു സാധകന്റെ മനസ്സിനെ ഭൗതിക വിഷയങ്ങളില്‍ നിന്നു പിന്തിരിപ്പിക്കാനും ഏകാഗ്രത കൈയ്‌വരിക്കാനും ധ്യാനം ഉത്തമ മാര്‍ഗമാകുന്നു. അന്തരംഗത്തിന്റെ ഊര്‍ജം സാധാരണ ഗതിയില്‍ സദാ പലതരം ബാഹ്യവസ്തുക്കളിലേക്കൊഴുകുന്നു. ഈ സംസാരപ്രവാഹത്തില്‍ വ്യക്തിബോധം കുടുങ്ങിക്കിടക്കുന്നു. അതിനെ സ്വതന്ത്രമാക്കാനുള്ള വഴിയാണ് മനസ്സിനെ ഏകാഗ്രമാക്കുകയെന്നത്.
വൈരാഗ്യവും ധ്യാനവും മോക്ഷത്തിന് അത്യന്താപേക്ഷിതമായ പരിശീലനങ്ങളാകുന്നു. അതുകൊണ്ടുതന്നെ ജ്ഞാനം, ഭക്തി, കര്‍മ്മം എന്നിങ്ങനെ ഏതു മാര്‍ഗമവലംബിച്ചാലും വൈരാഗ്യം, ധ്യാനം എന്നിവ ഒഴിവാക്കാനാവില്ല. ഭൗതിക ലക്ഷ്യം വിട്ട് ആത്മീയ ലക്ഷ്യത്തിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കാതെ ഒരുതരം സാധനക്കും മുന്നോട്ടുപോകാനാകില്ല. വൈരാഗ്യത്തിലൂടെ ബാഹ്യവിഷയങ്ങള്‍ ശമിക്കുന്നു. ഏകാഗ്രമാക്കപ്പെടുന്ന അന്തരംഗത്തില്‍ മനോവൃത്തികളും അടങ്ങുന്നു. ഇപ്രകാരം വിഷയങ്ങളെല്ലാം അടങ്ങി ശാന്തമായ അവസ്ഥയിലാണ് ആത്മസാക്ഷാത്കാരം സംഭവിക്കുന്നത്.
ഭക്തിമാര്‍ഗം-ഒരാള്‍ക്ക് ഇഷ്ടപ്പെടുന്ന രൂപഭാവങ്ങളില്‍ ഈശ്വരനെ ആരാധിക്കുന്നതാണ് ഭക്തിയുടെ വഴി. അനന്തമായി ലൗകിക വിഷയങ്ങളെ പ്രകടമാക്കുന്ന സംസാരത്തെ മറികടന്ന് അലൗകികമായ ഏകത്വത്തിലേക്ക് മനസ്സിനെ നയിക്കാന്‍ ഉത്തമവവും ഫലപ്രദവുമായ മാര്‍ഗമാണ് ഭക്തിയുടേത്. ഇതില്‍ പല വിഷയങ്ങളിലായി ഭ്രമിക്കുന്ന മനസ്സിനെ ഈശ്വരനിലേക്ക് കേന്ദ്രീകരിക്കുന്നു. വ്യക്തിഗതമായ ലക്ഷ്യങ്ങളെയും സങ്കല്‍പ്പങ്ങളെയും ഭക്തിപൂര്‍വ്വം ഈശ്വരനു സമര്‍പ്പിക്കുക വഴി അനായാസം വൈരാഗ്യം നേടാവുന്നതാണ്.
ശ്രീമദ് ഭാഗവതത്തില്‍ പതിനൊന്നാം സ്‌കന്ധത്തില്‍ നിമി ചക്രവര്‍ത്തിയോട് നവയോഗികള്‍ ഇപ്രകാരമാണ് പറയുന്നത്: പൂര്‍വ്വകര്‍മ്മവാസനക്കനുസരിച്ച് ശരീരം, വാക്ക്, മനസ്സ്, ഇന്ദ്രിയങ്ങള്‍ എന്നിവകൊണ്ട് ഏതൊക്കെ കര്‍മ്മങ്ങള്‍ ചെയ്യുന്നുവോ അവയൊക്കെയും പരമപുരുഷനായ നാരായണന് സമര്‍പ്പിക്കേണ്ടതാകുന്നു. ഭഗവദ്മായയാല്‍ ദേഹാദികളിലുള്ള അഭിമാനം കാരണം സ്വന്തം ആത്മ സ്വരൂപത്തെ കുറിച്ചുള്ള സ്മൃതി ജീവാത്മാവിന് നഷ്ടപ്പെടുന്നു. അതിനാല്‍ സ്വത്വസ്മൃതി വീണ്ടെടുക്കാന്‍ അനന്യഭക്തിയാല്‍ ഗോവിന്ദനെ ആരാധിക്കണം. അത്ഭുതകര്‍മ്മാവായ ഹരിയുടെ ജന്മകര്‍മ്മ ഗുണങ്ങളെ ശ്രവിക്കല്‍, കീര്‍ത്തിക്കല്‍, ധ്യാനിക്കല്‍ എന്നിവയോടൊപ്പം ശൗചം, തപസ്സ്, തിതിക്ഷ (സഹനം), മൗനം, സ്വാധ്യായം (വേദപഠനം), ആര്‍ജവം, ബ്രഹ്‌മനിഷ്ഠ, അഹിംസ, സമചിത്തത, മറ്റുള്ളവരില്‍ ദയ, മൈത്രി, വിനയം എന്നിവ ശീലിക്കേണ്ടതുണ്ട്.
കപിലാചാര്യന്‍ ദേവഹൂതിക്ക് കൊടുക്കുന്ന ഉപദേശത്തില്‍, മേല്‍ ഉദ്ധരിച്ച പ്രകാരത്തിലുള്ള ഭക്തന്റെ മനോവൃത്തികള്‍ ഭക്തിഭാവം പൂണ്ട് ഗംഗാപ്രവാഹം പോലെ ഭഗവാനിലേക്ക് ഒഴുകുന്നതായിരിക്കുമെന്നാണ്. ഭൗതിക ഗുണങ്ങളില്‍ നിന്നു വേറിട്ട ഇത്തരം ഭക്തി മനസ്സിന്റെ മാലിന്യങ്ങളെയും ഭേദഭാവത്തെയും നശിപ്പിക്കുന്നു. ത്രിഗുണാതീതനായ ഭഗവാനാല്‍ മനസ്സ് ആകൃഷ്ടമായി ഭഗവദ്‌പ്രേരണയാല്‍ ഒഴുകുന്ന ഭക്തി സാധകനെ തന്റെ പ്രഭവസ്ഥാനത്തേക്ക് അതായത് ആത്മാവിലേക്ക് തന്നെ നയിക്കുന്നു, കാരണം ആത്മാവും പരമാത്മാവും തമ്മില്‍ ഉള്ളടക്കത്തില്‍ ഭേദമില്ല. ഈ അവസ്ഥയിലുള്ള ഭക്തന്‍ സര്‍വ്വവ്യാപിയായ ഭഗവാനെ വിഗ്രഹങ്ങളില്‍ മാത്രം ഒതുക്കുന്നില്ല, സകലരുടെയും ആത്മാവായി കാണുന്നു. ഇപ്രകാരമുള്ള ഭക്തന് ആത്മസാക്ഷാത്കാരം സ്വാഭാവികമായിത്തന്നെ വന്നുചേരുന്നു.
(പരമ്പര അവസാനിച്ചു)
















