കോട്ടയം: പൊന്തന്‍പുഴ വനത്തിലെ ആവോലി മലയില്‍ സ്വകാര്യ കമ്പനിക്ക് ഖനനാനുമതി ലഭിച്ചതോടെ കൂടുതല്‍ മേഖലകള്‍ തുരന്നെടുക്കാന്‍ പാറമട ലോബി നീക്കം തുടങ്ങി. ഇക്കോ ടൂറിസത്തിന് പ്രാധാന്യമുള്ള നാഗപ്പാറയോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് കരിങ്കല്‍ ഖനനത്തിന് ശ്രമം. വിനോദ സഞ്ചാരികള്‍ എത്തുന്ന ഇതിനു സമീപത്ത് ഭൂമാഫിയ ഏക്കര്‍ കണക്കിന് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇവരുടെയെല്ലാം കണ്ണ് വനത്തിലെ പാറമടകളിലാണ്. സംരക്ഷിത വനമായിരുന്ന പൊന്തന്‍പുഴയുടെ അവകാശം വനംവകുപ്പിന് നഷ്ടപ്പെട്ടതോടെയാണ് പാറമട ലോബികള്‍ നീക്കം സജീവമാക്കിയത്.
റാന്നി വലിയകാവ് വനത്തില്‍ നാഗപ്പാറ മേഖലയിലെ ഉയര്‍ന്ന സ്ഥലങ്ങളില്‍ ഏക്കര്‍ കണക്കിന് ദൂരത്തിലാണ് പാറക്കൂട്ടങ്ങള്‍ ഉള്ളത്. ഇതിന് സമീപത്ത് തന്നെയാണ് വാഴക്കുന്ന് വനദുര്‍ഗ്ഗാക്ഷേത്രവും. പന്ത്രണ്ടാം നൂറ്റാണ്ടിലെ വട്ടെഴുത്തുകള്‍ സമീപത്തെ ശിലകളില്‍ കാണാം. ഇത് പുരാവസ്തു വകുപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തിയതുമാണ്. ഇത്രയേറെ പ്രാധാന്യമുള്ള സ്ഥലത്തെ പാറഖനനത്തിനാണ് ഇപ്പോള്‍ ഭൂമാഫിയ ശ്രമം നടത്തികൊണ്ടിരിക്കുന്നത്.
കൊടും വനത്തിന്റെ ഭാഗമായ, പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന ശംഖുപാതാളവും പാറമട ലോബിയുടെ ഭീഷണിയിലാണ്. ഇവിടുത്തെ ശിലകള്‍ക്ക് ശംഖിന്റെ രൂപസാദൃശ്യമുണ്ട്.
ഉച്ചയ്‌ക്ക് മാത്രം വെയില്‍ പ്രവേശിക്കുന്ന ഈ ഭാഗം നാല് മലകള്‍ക്കിടെയിലാണ്. ഇവിടെനിന്ന് ഉത്ഭവിക്കുന്ന അരുവി മണിമലയാറ്റിലാണ് പതിക്കുന്നത്. ഈ മേഖലയില്‍ വന്‍തോതില്‍ ഖനനം തുടങ്ങുന്നതോടെ പരിസ്ഥിതി സംതുലനം തകിടം പറയും.
എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ആവോലി മലയില്‍ ഖനനത്തിന് അനുമതി കൊടുത്തതാണ് പരിസ്ഥിതി പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നത്. സ്വകാര്യ വനമായതിനാല്‍ ഖനനത്തിന് തടസ്സമില്ലെന്നാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ വാദം. എന്നാല്‍ എല്ലാ പഠനറിപ്പോര്‍ട്ടുകളും അവഗണിച്ചാണ് ജിയോളജി വകുപ്പ് ഖനനാനുമതി കൊടുക്കുന്നത്.
















