ആലപ്പുഴ: സിപിഎം വിഭാഗീയതയില്‍ തകര്‍ക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകത്തെ അവഗണിക്കുന്നതില്‍ അണികളില്‍ അമര്‍ഷം.
2013 ഒക്‌ടോബര്‍ 31നാണ് പാര്‍ട്ടിയിലെ ചേരിപ്പോരിനെ തുടര്‍ന്ന് സഖാക്കള്‍ തന്നെ മുഹമ്മ കണ്ണര്‍കാട്ടെ ‘സഖാവി’ന്റെ സ്മാരകം കത്തിച്ചത്. പിന്നീട് സ്മാരകം ചുറ്റുമതില്‍കെട്ടി സംരക്ഷിക്കുമെന്ന് സിപിഎം ജില്ലാസംസ്ഥാന നേതൃത്വങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ഷം നാലരയായിട്ടും യാതൊരു നടപടിയുമുണ്ടായില്ല.
കൃഷ്ണപിള്ളയുടെ പേരില്‍ റിസോര്‍ട്ട് മാതൃകയില്‍ നിര്‍മ്മിച്ച പാര്‍ട്ടി ജില്ലാകമ്മറ്റി ഓഫീസില്‍ കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന പഠനഗവേഷണ കേന്ദ്രത്തിന് കഴിഞ്ഞ വര്‍ഷം ശിലയിട്ടപ്പോഴും കൃഷ്ണപിള്ള സ്മാരകത്തെ വിസ്മരിച്ചു. 1948ല്‍ 42-ാമത്തെ വയസില്‍ കൃഷ്ണപിള്ള ഒളിവു ജീവിതത്തിനിടെ മരിച്ചത് മുഹമ്മ കണ്ണര്‍കാട്ടെ ചെല്ലിക്കണ്ടത്തില്‍ വീട്ടിലാണ്.
ലൈബ്രറി, ഗവേഷണകേന്ദ്രം, സ്മാരകം എന്നിവ അവിടെ നിര്‍മ്മിക്കുമെന്നായിരുന്നു ഭൂമി വിലയ്‌ക്ക് വാങ്ങുന്ന ഘട്ടത്തില്‍ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നത്. ഓലപ്പുര നവീകരിക്കുകയും ഇവിടെ കൃഷ്ണപിള്ളയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കുകയും മാത്രമാണുണ്ടായത്. സ്മാരകം അഗ്നിക്കിരയായപ്പോള്‍ ഏറെ ആക്ഷേപങ്ങള്‍ സിപിഎം നേരിട്ടതും ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കാത്തതായിരുന്നു. സ്മാരകത്തിനായി ഭൂമി വിട്ടു നല്‍കിയ കുടുംബവും ഇക്കാര്യത്തില്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന കൃഷ്ണപിള്ള താമസിച്ച വീടും സ്ഥലവും സിപിഎം സ്വന്തമാക്കായിത് സിപിഐ അറിയാതെയായിരുന്നു.
ചെല്ലിക്കണ്ടത്ത് സ്മാരകം നിര്‍മ്മാണത്തിനായി നേരത്തെ സിപിഎം ഫണ്ടുശേഖരണം തുടങ്ങിയെങ്കിലും പിന്നീട് ആ പണം ഉള്‍പ്പെടെ വിനിയോഗിച്ച് ആലപ്പുഴ നഗരത്തില്‍ കോടികള്‍ ചെലവഴിച്ച് ജില്ലാ കമ്മറ്റി ഓഫീസ് നിര്‍മ്മിക്കുകയായിരുന്നു. റിസോര്‍ട്ട് മാതൃകയില്‍ കോടികള്‍ ചെലവഴിച്ച് കൃഷ്ണപിള്ളയുടെ പേരില്‍ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചതും അന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
സ്മാരകം തകര്‍ത്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി പ്രഖ്യാപിച്ച കമ്മീഷന്‍ എവിടെയെന്ന അണികളുടെ ചോദ്യത്തിനും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. കൃഷ്ണപിള്ളയുടെ പേരില്‍ കോടികള്‍ മുടക്കി വീണ്ടും ജില്ലാകമ്മറ്റി ഓഫീസില്‍ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന സിപിഎം നേതൃത്വം സ്മാരകമന്ദിരം സംരക്ഷിക്കാന്‍ തയ്യാറാകാത്തതില്‍ അണികളില്‍ അമര്‍ഷമുണ്ട്.
















