ന്യൂദല്‍ഹി: ഔറംഗസീബിനെക്കുറിച്ച് മാത്രമല്ല, സഹോദരന്‍ ദാരാ ഷുക്കോവിനെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണമെന്ന് ബിജെപി എംപി മഹേഷ് ഗിരി. ഔറംഗസീബ് ക്രൂരനായ ഭരണാധികാരയും തീവ്രവാദിയുമായിരുന്നു. എന്നാല്‍ പണ്ഡിതനും ഇസ്ലാമിക മൂല്യങ്ങളുടെ പ്രതീകവുമായിരുന്നു ദാരാ ഷുക്കോ. അദ്ദേഹത്തിന്റെ ജീവിതം സമൂഹം അധികം ചര്‍ച്ച ചെയ്തിട്ടില്ല. രണ്ട് പേരെക്കുറിച്ചും പഠിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കും. എംപി വ്യക്തമാക്കി.
ഷാജഹാന്റെ മൂത്ത മകനായ ദാരാ ഷുക്കോയെ വധിച്ചാണ് സഹോദരനായ ഔറംഗസീബ് 1659ല്‍ അധികാരം പിടിച്ചെടുത്തത്. ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സില്‍ ‘ഔറംഗസീബും ദാരാ ഷുക്കോയും; രണ്ട് സഹോദരന്മാരുടെ കഥ’ എന്ന വിഷയത്തിലുള്ള കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദല്‍ഹിയിലെ ഔറംഗസീബ് റോഡ് മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്തത് മഹേഷ് ഗിരിയുടെ പ്രയത്‌നത്താലാണ്. 2015ല്‍ വലിയ വിവാദമായിരുന്നു ഇത്. പേര് മാറ്റാനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു. ആ റോഡിലൂടെ പോകുമ്പോള്‍ ക്രൂരനായ ഭരണാധികാരിയുടെ പേര് കാണുമ്പോഴൊക്കെ വലിയ വേദനയായിരുന്നു. നമ്മുടെ സംസ്‌കാരത്തെ അപമാനിക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്ത ഒരാളുടെ പേര് റോഡിന് നല്‍കിയത് വിഷമമുണ്ടാക്കി. രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണത്. ചെയ്ത തെറ്റിന് അയാള്‍ ശിക്ഷിക്കപ്പെട്ടില്ല. കുറഞ്ഞത് അങ്ങനെയൊരാളുടെ പേരിലുള്ള റോഡെങ്കിലും തിരുത്തപ്പെടണമെന്ന് തോന്നി. ഇതിന് നിരവധി ഭീഷണികള്‍ നേരിട്ടതായും ഗിരി വ്യക്തമാക്കി.
റോഡിന്റെ പുനര്‍നാമകരണം കണക്കിലെടുത്ത് മഹേഷ് ഗിരിക്ക് ധീരതക്കുള്ള ശിവജി അവാര്‍ഡ് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു സമര്‍പ്പിച്ചു. ഇന്ത്യയുടെ അത്ഭുതമാണ് ദാരാ ഷുക്കോയെന്ന് ഇറാന്‍ പാര്‍ലമെന്റ് മുന്‍ സ്പീക്കര്‍ ഖൊലാം അലി ഹദ്ദാദ് അദേല്‍ പറഞ്ഞു.
















