ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഈ മാസം 20ന് ബിഎംഎസ് രാജ്യവ്യാപകമായ പ്രക്ഷോഭം നടത്തും. ഈ മാസം ഒടുവില്‍ നടക്കുന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ പുനര്‍ചിന്തനം നടത്തിവരികയാണെന്നും ബിഎംഎസ് ജനറല്‍ സെക്രട്ടറി വ്രജേഷ് ഉപാധ്യായ പറഞ്ഞു. ഗുജറാത്തിലെ അംബാജിയില്‍ നടന്ന കേന്ദ്രീയകാര്യ സമിതി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 20 കരിദിനമായി ആചരിക്കും. യൂണിറ്റു തലങ്ങളില്‍ അന്ന് പ്രതിഷേധ റാലികള്‍ നടത്തും. കറുത്ത ബാഡ്ജ് ധരിച്ചാകും അന്ന് ജോലി ചെയ്യുക. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്രം അവഗണിക്കുകയാണെന്ന് ഉപാധ്യായ കുറ്റപ്പെടുത്തി. യൂണിയനുകള്‍ ഉയര്‍ത്തിക്കാട്ടിയ ഒരു വിഷയത്തിലും ബജറ്റില്‍ പരിഹാരമില്ല.
മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഫെബ്രുവരി 26, 27 തീയതികളില്‍ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ദല്‍ഹിയില്‍ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടകന്‍. 26ന് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ, സംസ്ഥാന ആസ്ഥാനങ്ങളിലും പ്രതിഷേധ മാര്‍ച്ചുകളും യോഗങ്ങളും സംഘടിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അംഗനവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കുക, അവരെ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടുത്തുക, ഇപിഎഫ് പെന്‍ഷന്‍ ആയിരത്തില്‍ നിന്ന് 5000 രൂപയായി കൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് തങ്ങള്‍ ഉന്നയിച്ചിരുന്നത്. ഒന്നും ബജറ്റില്‍ പരിഹരിച്ചില്ല. ആദായ നികുതി പരിധി അഞ്ചു ലക്ഷമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. അതുമുണ്ടായില്ല, ഉപാധ്യായ ചൂണ്ടിക്കാട്ടി.
















