കൊച്ചി: വടയമ്പാടിയില്‍ ഇല്ലാത്ത ‘ജാതിമതിലിന്റെ’ പേരില്‍ നടത്തുന്ന വ്യാജ സമരം മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും ചേര്‍ന്നാണ് നയിക്കുന്നതെന്ന വിമര്‍ശനം ശക്തമാകുന്നു. പിന്നാക്ക വിഭാഗങ്ങളെ ദളിതരെന്ന് വിളിച്ച് സഹായിക്കാനെന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന സംഘടകള്‍ തമ്മില്‍ തല്ലുന്നതിനു പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍.
വടയമ്പാടി സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും നിരീക്ഷകനുമായ അനീഷ് ഷംസുദീന്‍ ഫേസ്ബുക് പോസ്റ്റില്‍ എഴുതിയതില്‍നിന്ന്:
സിപിഐ നേതാവ് പി.എസ്. ശ്രീനിവാസന്‍ റവന്യൂമന്ത്രി ആയിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഭൂമി എന്‍എസ്എസിന് കൈമാറുന്നത്. ഈ വിവരം അറിയാവുന്നത് എന്‍എസ്എസിനും സിപിഐ നേതാക്കള്‍ക്കും മാത്രമായിരുന്നു. (സിപിഐ സമരത്തിന് മുന്നില്‍ തന്നെയുണ്ട്!)
മുപ്പത്തിയാറു വര്‍ഷത്തിനു ശേഷം ‘മദ്യപാനികളും സാമൂഹിക വിരുദ്ധരുമൊക്കെ മൈതാനം ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച്’ എന്‍എസ്എസ് മൈതാനത്തിന് മതില്‍ കെട്ടുന്നു.
ഭൂമി ഉടമസ്ഥാവകാശത്തിനെതിരെ ഹൈക്കോടതിയില്‍ കേസിനു പോയ അരുണ്‍ ചെല്ലപ്പന്‍ എന്ന നാട്ടുകാരനോട് കോടതി പറഞ്ഞു: ’36 വര്‍ഷമായി ഭൂമി എന്‍എസ്എസിന് സ്വന്തമായിട്ട്. 30 വയസുള്ള നിങ്ങളന്ന് ജനിച്ചിട്ടില്ല. 36 വര്‍ഷമായി ഇല്ലാത്ത പരാതി പരിഗണിക്കാന്‍ പറ്റില്ല.”
എന്‍എസ്എസ് സ്വന്തം ഭൂമിയില്‍ പണിത മതില്‍ ‘ജാതിമതില്‍ ആക്കിയത്’ പതിവുപോലെ എല്ലാ ജനകീയ സമരങ്ങളിലും നുഴഞ്ഞു കയറുന്ന മാവോ /മൗദൂദി/സുഡാപ്പി എന്നറയപ്പെടുന്ന എസ്ഡിപിഐ (മാമൗസു) കളാണ്.
സമരത്തിന് മുന്നിലുള്ള നേതാക്കള്‍ ആരൊക്കെയാ?
തുഷാര്‍ നിര്‍മ്മല്‍ സാരഥിയും, മാണിക്കുട്ടി വക്കീലുമൊന്നും മാവോയിസ്റ്റ് ആശയക്കാര്‍ അല്ലെന്ന് അവര്‍ തന്നെ ഒന്ന് പറയട്ടെ.ആരാ ജോയി പവേലി? മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ ഭാര്യ വി.സി. ജെന്നി അവിടെ സമരം നയിക്കാന്‍ ഉണ്ടല്ലോ. അര്‍ഷദ് പെരിങ്ങാല ജമാഅത്ത് ഇസ്ലാമി വെല്‍ഫയര്‍ പാര്‍ട്ടിയുടെ നേതാവ്.
സുഡാപ്പികളുടെ ‘മനുഷ്യാവകാശ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും അവിടെ ഉണ്ട്. സുഡാപ്പി നേതാവ് അബ്ദുറഹ്മാനും, അവരുടെ ട്രേഡ് യൂണിയന്‍ നേതാവ് വാസുവുമൊക്കെയാണ് സമര നേതാക്കള്‍. മാവോയിസ്റ്റ്, മൗദൂദി, സുഡാപ്പി നേതാക്കളും അവര്‍ തെറ്റിധരിപ്പിച്ച് ഇറക്കിയ ചില ദളിത് സംഘടനാ പ്രവര്‍ത്തകരുമാണ് സമരം നയിക്കുന്നത്.
ക്ഷേത്രത്തിലെ കഴകക്കാരി കുഞ്ഞി കുറുംബ എന്ന ദളിത് സ്ത്രീയാണ്. വിശ്വാസികളായി ധാരാളം ദളിതര്‍ വരുന്നത് ആരും തടയുന്നില്ല. കെപിഎംഎസിന് 441 അംഗങ്ങള്‍ ആ പരിസരത്തുണ്ട്. ജാതിപരമായ വിവേചനമല്ല, മറിച്ച് പൊതു ഉപയോഗത്തിനുള്ള ഭൂമി വളച്ച് കെട്ടിയതാണ് പ്രശ്‌നമെന്ന് അവര്‍ പറയുന്നു.
കെപിഎംഎസ് ഓഫീസിനോട് ചേര്‍ന്ന് സമരപ്പന്തല്‍ കെപിഎംഎസിന്റെ പരാതിയിലാണ് പോലീസ് ഇടപെട്ട് പൊളിച്ച് നീക്കിയത്. സമരപ്പന്തല്‍ പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട കെപിഎംഎസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതിനാണ് സമര സമിതി നേതാവ് ജോയ് പവേലിനെ അറസ്റ്റ് ചെയ്തത്.
കളക്ടര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ എന്‍എസ്എസ് പണിത കവാടം, സമരപന്തല്‍ എന്നിവ നീക്കാന്‍ തീരുമാനിച്ചു. പുതുതായി മതില്‍ പണിയില്ല,
പ്രദേശത്ത് യോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം എന്നും തീരുമാനിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് വിധി ആവുന്നത് വരെ തല്‍സ്ഥിതി തുടരാനും തീരുമാനിച്ചു. എന്നാല്‍ ‘സമരസമിതി’എന്ന പേരിലുള്ള മാവോ-മൗദൂദി ടീമുകള്‍ കളക്ടറുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോലും തയാറായില്ല. പകരം ദളിത് ആത്മാഭിമാന റാലി നടത്താന്‍ തീരുമാനിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
ചുരുക്കിപ്പറഞ്ഞാല്‍ ദളിതരോ നാട്ടുകാരൊ അല്ലാത്ത മാവോ-സുഡാപ്പി-മൗദൂദി ടീം ഒരു ജനകീയ സമരത്തെ ഹൈജാക്ക് ചെയ്ത് ‘അയിത്തമതിലിനെതിരെ ഐതിഹാസിക സമരം’ എന്നാക്കി. ഈ സമരനേതാക്കളില്‍ ഒരുത്തനെ ദളിത് പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത് നാട്ടുകാരനായ ഒരു ദളിതനെ ഭീഷണിപ്പെടുത്തിയതിനാണെന്നും ഓര്‍ക്കണം.
















