കാസര്‍കോട്: ബിജെപിയില്‍ ചേര്‍ന്നതിന് തങ്ങളെ പട്ടാപ്പകല്‍ വെട്ടിക്കൊല്ലുമെന്ന് സിപിഎം ഭീഷണിപ്പെടുത്തുകയാണെന്ന് കരിന്തളം വടക്കേ പുലിയന്നൂരിലെ സി.കെ. സുകുമാരന്‍. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് കടുത്ത ഭീഷണിയാണ് താനും കുടുംബവും നേരിടുന്നതെന്ന് സുകുമാരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ മുമ്പ് സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു. ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടില്ല. പണ്ട് സിപിഐഎംഎല്ലിന്റെ പ്രവര്‍ത്തകനായിരുന്നെങ്കിലും പിന്നീട് വിട്ടു.
മകളെ സ്കൂളില്‍ വിടാന്‍ പോകുമ്പോള്‍ പോലും ഭീഷണിയാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. പട്ടാപ്പകല്‍ കൊത്തിനുറുക്കുമെന്നാണ് ഭീഷണി. മകളുടെ സാന്നിധ്യത്തിലാണ് ഭീഷണി. ഇതോടെ ഭീതിയിലായ മകള്‍ മാനസികമായി തളര്‍ന്നു. ഈ സാഹചര്യത്തിലാണ് സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി വീഡിയോയിലാക്കി ഫേസ്ബുക്കിലിട്ടത്. ഇതിനു ശേഷം മകളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയാണ് സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്ന പരിഗണന പോലും നല്‍കാതെയാണ് ആക്ഷേപം. പാര്‍ട്ടി ഗ്രാമമായ കരിന്തളത്ത് തനിക്കും കുടുംബത്തിനും ഊരുവിലക്കാണ്. സിപിഎം പ്രവര്‍ത്തകരില്‍ തനിക്ക് സുഹൃത്തുക്കള്‍ ഏറെയുണ്ട്. എന്നാല്‍ ഇനിമുതല്‍ ആരും തന്റെ കുടുംബവുമായി ബന്ധം സ്ഥാപിക്കരുതെന്നാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. കടയില്‍ നിന്നും സാധനങ്ങള്‍ തനിക്കും കുടുംബത്തിനും നല്‍കാനും വിലക്കുണ്ട്. കുടുംബത്തിന് എല്ലാവിധ സംരക്ഷണവും ബിജെപി നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് വ്യക്തമാക്കി.
















