ന്യൂദല്‍ഹി: ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ് എന്നതിന് എന്താണ് കുഴപ്പമെന്ന് സു്രപീംകോടതി. ആധാറിനെതിരെ ബംഗാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഒരു രാജ്യത്ത് ഒരു തിരിച്ചറിയല്‍ എന്ന സങ്കല്‍പ്പത്തില്‍ എന്തു പ്രശ്‌നമാണുള്ളത്? കേന്ദ്രീകൃതമായ മുഴുവന്‍ ഡാറ്റകളും ഹാക്ക് ചെയ്യാമെന്നാണ് താത്ത്വികമായി പറയുന്നത്. എന്നുവച്ച് ഇത്തരം ഡാറ്റകള്‍ മുഴവനും ചോര്‍ത്താമെന്നല്ല ഇതിനര്‍ഥം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ഡാറ്റകള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അവ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ആധാറിന്റെ പേരില്‍ ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രത്തെ കോടതിയില്‍ കടന്നാക്രമിക്കുകയാണ് ചെയ്തത്. ആധാറിന് ഭരണഘടനാപരമായ സാധുത ഇല്ലെന്നും ഡാറ്റകള്‍ പൂര്‍ണ്ണമായും സംരക്ഷിതമായിരിക്കുമെന്നതിന് ഒരു ഉറപ്പില്ലെന്നും ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു. ഡിജിറ്റല്‍ ലോകത്ത് ഡാറ്റ സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ല. ഒരിക്കല്‍ എന്റെ സ്വകാര്യ വിവരങ്ങള്‍ (ബയോമെട്രിക്) ചോര്‍ന്നാല്‍ ഡിജിറ്റല്‍ ലോകത്ത് അത് പൂര്‍ണ്ണമായും മടക്കിയെടുക്കുക സാധ്യമല്ല, സിബില്‍ പറഞ്ഞു. കേസില്‍വാദം തുടരുകയാണ്.
















