മുംബൈ: രാജ്യത്തെ പല പ്രമുഖ നഗരങ്ങളും അന്തരീക്ഷ മലിനീകരണത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്നും മോചിതമായിട്ടില്ല. ദൽഹി, ചെന്നൈ, മുംബൈ, രായ്‌പുർ, പാട്ന തുടങ്ങി എല്ലാ നഗരങ്ങളിലും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ സാധിക്കാത്തതിലുമപ്പുറമാണ്. ദൽഹിയിലാണ് ഏറ്റവും കൂടുതൽ മലിനീകരണം ഉള്ളത്. എന്നാൽ മുംബൈയും ഒട്ടും പിന്നിലല്ല. കഴിഞ്ഞ രണ്ട് ദിവസമായി മുംബൈ വാസികൾ ഇരുണ്ട അന്തരീക്ഷത്തിലേക്കാണ് എണീറ്റ് വരുന്നത്.
രാവിലെ തന്നെ മുംബൈയിലെ ബന്ദ്രമേഖലയിൽ പർട്ടിക്കുലേറ്റ് മാറ്റർ 405 കടന്നിരുന്നു. എയർ ക്വാളിറ്റി കൺട്രോൾ ഇൻഡക്സ് ഡാറ്റയിൽ ഇത് വളരെയധികം കൂടുതലാണ്. പർട്ടിക്കുലേറ്റ് മാറ്ററിന്റെ പത്താമത്തെ ലെവലിലെ 400നും മുകളിലാണ് ഇപ്പോൾ മുംബൈയിലെ പല നഗരങ്ങളും. അടുത്ത 48 മണിക്കൂറും ഇത്തരത്തിൽ അന്തരീക്ഷം മലിനപ്പെട്ട് കിടക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. നാളെ വൈകീട്ടോടു കൂടി അന്തരീക്ഷം കുറച്ച് ഭേദപ്പെട്ട നിലയിലെത്തുമെന്നും റിപ്പോർട്ടുണ്ട്.
പർട്ടിക്കുലേറ്റ് മാറ്ററുകൾ 400ൽ കൂടുതൽ വർധിക്കുന്നത് പല ശാരീരിക വിഷമതകൾക്കും രോഗങ്ങൾക്കും കാരണമാകുമെന്നാണ് ആരോഗ്യരംഗം വിലയിരുത്തുന്നത്. കഴിഞ്ഞ ദീപാവലിക്കു ശേഷം ആദ്യമായാണ് മുംബൈയിൽ ഇത്രയും അന്തരീക്ഷ മലിനീകരണം അനുഭവപ്പെടുന്നത്.
















