കൊച്ചി: കൊച്ചി മെട്രോ പ്രതിദിനം 18 ലക്ഷം രൂപയോളം നഷ്ടത്തിലാണ് ഓടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ വി.കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മെട്രോയ്‌ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മെട്രോയുടെ തൂണുകളിലും മീഡിയനുകളിലും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് കരാര്‍ നല്‍കിയിട്ടുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റിലൂടെ പാര്‍പ്പിട-വാണിജ്യ സമുച്ചയങ്ങളുടെ നിര്‍മാണത്തിനും വില്‍പ്പനയ്‌ക്കുമായി കൊച്ചി മെട്രോ സമര്‍പ്പിച്ച നിര്‍ദേശത്തിന്മേല്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയില്‍ കാക്കനാടുള്ള 17.315 ഏക്കര്‍ ഭൂമി വിട്ടു നല്‍കുന്നത് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
















