ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്ക്കും ഈശ്വരനായ ശ്രീകൃഷ്ണന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അര്‍ജുനന്റെ ദേഹം വിറച്ചുപോയി; കണ്ണില്‍ ആനന്ദബാഷ്പം നിറഞ്ഞുപോയി. അത്യാശ്ചര്യകരവും ഘോരവുമായ വിശ്വരൂപം കണ്ടിട്ടാണ്, ഭയന്ന് വിറച്ചത്. ഇപ്പോള്‍ സ്നേഹപൂര്‍വമായ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷവുമുണ്ടായി. കണ്ഠമിടറിക്കൊണ്ട്, അക്ഷരങ്ങള്‍ മെല്ലെമെല്ലെയായി. ശ്രീകൃഷ്ണന് തന്റെ സുഹൃത്തോ ബന്ധുവോ മാത്രമല്ല, സര്‍വേശ്വരനാണെന്ന ബോധം ഹൃദയത്തില്‍ ഉറച്ചു. വീണ്ടും വീണ്ടും നമസ്കരിക്കുകയും കൈകൂപ്പുകയും ചെയ്തുകൊണ്ട് സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് പറഞ്ഞു.
അര്ജുനന് കിരീടിഎന്ന് ഒരു പേരുണ്ട്. നിവാതകവചന്മാരെന്ന അസുരന്മാരെ വധിക്കാന്‍ ദേവേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം അര്ജുനന് പുറപ്പെട്ടു. തേരില്‍ കയറുമ്പോള്‍ ഇന്ദ്രന് അര്‍ജുനന്റെ തലയില്‍ ഒരു ദിവ്യകിരീടം അണിയിച്ചുകൊടുത്തു. അതിനാലണ് ‘കിരീടീ’ എന്ന പേര് അര്ജുനന് സിദ്ധിച്ചത്. നിവാതകവചന്മാരെ വധിച്ചവനാണ് ഞാന്‍ എന്ന ഭാവം അര്ജുനന് ഉണ്ടായിരുന്നു. അതു ഇപ്പോള്‍ തീര്‍ന്നു.
ഇനിയുള്ള പതിനൊന്നു ശ്ലോകങ്ങള്‍ അര്‍ജുനന്റെ വാക്യങ്ങളാണ് (11-36)
അര്‍ജുനന്റെ വാക്കുകള്‍ ഭഗവന്മഹത്വം തുളുമ്പുന്നവയാണന്. ‘ഹൃഷീകേശ! എന്ന് സംബോധനം ചെയ്തുകൊണ്ട് ആരംഭിക്കുന്നു. ഹൃഷീകങ്ങള്- ഇന്ദ്രിയങ്ങള്‍; ജീവാത്മാക്കളെ ആനന്ദിപ്പിക്കുയകാണ് ഇന്ദ്രിയങ്ങളുടെ സ്വഭാവം. അതുകൊണ്ടാണ് ആ പേര് ഇന്ദ്രിയങ്ങള്ക്കുണ്ടായത്. അവയ്ക്ക് ആ കഴിവ് കൊടുത്തത് ശ്രീകൃഷ്ണനാണ്. അതുകൊണ്ട് അര്ജുനന് ശ്രീകൃഷ്ണനെ ‘ഹൃഷീകേശ! എന്ന് സംബോധന ചെയ്തു. ഭഗവാന്റെ പന്ത്രണ്ട് നാമങ്ങള്‍ പ്രസിദ്ധങ്ങളാണ്. അവയില്‍ 10-ാമത്തെ നാമമായിട്ട് ആ നാമം ശോഭിക്കുന്നു. ഹൃഷീകേശായ നമഃ
തവ പ്രകീര്‍ത്ത്യാ
നിരതിശയമഹത്വം ഉള്‍ക്കൊള്ളുന്ന അങ്ങയുടെ നാമങ്ങളും കഥകളും കീര്‍ത്തനങ്ങളും ചെയ്താല്‍, ശ്രവിച്ചാല്‍, സത്വഗുണസമ്പന്നമായ എല്ലാവരും- ദേവ യക്ഷ ഗന്ധര്‍വ്വ, കിന്നരാദികളായ ദേവന്മാര്- സന്തോഷം പ്രാപിക്കുന്നു. മാത്രമല്ല, എല്ലാവരും മനുഷ്യ-മൃഗ-പക്ഷി-വൃക്ഷലതാദികള്‍ പോലും ആനന്ദിക്കുന്നു. അത്-സ്ഥാനേ- ഉചിതംതന്നെ!
മാത്രമല്ല, എല്ലാവരും അങ്ങയില്‍ സ്നേഹം വളര്‍ത്തുന്നു. അതും ഉചിതംതന്നെ!
ഭഗവാന് ഭക്തവല്സലനാണെന്നും അവരെ സംരക്ഷിക്കുന്നവനാണെന്നും അവരുടെ ആരാധനാപാത്രമാണെന്നും, അര്ജുനന് ഇപ്പോഴാണ് മനസ്സിലായത്. ഭഗവാന്റെ പ്രവര്‍ത്തനം എല്ലാത്തരം ആളുകളുടെയും നന്മക്കുവേണ്ടിയാണെന്നും ഇപ്പോഴാണ് ബോധം വന്നത്.
പക്ഷേ, രാക്ഷസന്മാരും ഭഗവദ്ദ്വേഷികളും നിരീശ്വരവാദികളും ഭഗവത്കീര്‍ത്തനം സഹിക്കാന്‍ കഴിയാതെയും ഭഗവാന്റെ വിശ്വരൂപം കാണാന്‍ കഴിയാതെയും ദിക്കുകളിലേക്കു ഓടിപ്പോകുന്നു; ഭയന്ന് വിറച്ച് രാഗത്തില്‍നിന്ന് പിന്മാറുന്നു. അതും ഉചിതംതന്നെ. തപസ്സ് ചെയ്തും മന്ത്രങ്ങള്‍ ജപിച്ചും യോഗാനുഷ്ഠാനം ചെയ്തും സിദ്ധരായവര്‍ സിദ്ധലോകം പ്രാപിച്ചവര്‍- കൂട്ടംകൂട്ടമായി നിന്ന് അങ്ങയെ നമസ്കരിക്കുന്നു! അതും ഉചിതംതന്നെ!
(‘സ്ഥാനേ ഹൃഷീകേശ’ എന്ന് തുടങ്ങുന്ന ഈ ശ്ലോകം രക്ഷോഘ്നമന്ത്രമായിട്ട് മന്ത്രശാസ്ത്രത്തില്‍ പ്രസിദ്ധമാണെന്ന് മധുസൂദനസരസ്വതി സ്വാമികള്‍ ഭാഷ്യത്തില്‍ പറയുന്നു.
കാനപ്രം കേശവന് നമ്പൂതിരി
ഫോണ്‍: 9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: