കോഴിക്കോട്: പ്രണയം മാത്രമേ ഉള്ളൂ ജിഹാദില്ലെന്ന് പോലീസ് പറയുമ്പോള്‍ ഈ അമ്മയുടെ ചോദ്യങ്ങള്‍ക്ക് കൂടി മറുപടി നല്‍കണം. കോളേജ് അധ്യാപികയായിരുന്ന, പറക്കമുറ്റാത്ത രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ തന്റെ മകള്‍ ശുഭ എങ്ങനെ ഫാത്തിമയായെന്ന ചോദ്യത്തിന്. മതംമാറ്റത്തിന് പ്രണയം മാത്രമല്ല പലവഴികളും പ്രയോഗിക്കുമെന്നതിന് തെളിവാണ് കോഴിക്കോട് കോട്ടൂളി കോഴഞ്ചേരി പറമ്പില്‍ കൗസ്തുഭത്തില് ഗോപിനാഥന്-ശ്യാമള ദമ്പതികളുടെ മകള്‍ ശുഭ.
ശുഭ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ അധ്യാപികയായിരുന്നു. കുട്ടിക്കാലം മുതല്ക്കേ ക്ഷേത്രവും വിശ്വാസവും ഭക്തിയും ഒക്കെയായി കഴിഞ്ഞിരുന്ന ശുഭ മലപ്പുറം ചെട്ടിയാങ്കിണര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ അധ്യാപികയായി എത്തിയതോടെയാണ് ജിഹാദികളുടെ വലയില്‍ വീണതെന്ന് ശ്യാമള പറയുന്നു. പത്തും ഏഴും വയസ്സുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് പോയതെന്ന് പറയുമ്പോള്‍ ശ്യാമളയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
സ്കൂളില്‍ ചെന്ന് മാസങ്ങള്‍ക്കുള്ളില്‍ മാറ്റങ്ങള്‍ വന്നു. പൊട്ടുതൊടുന്നത് നിര്‍ത്തി. ഭാഗവത സപ്താഹത്തിനായി ലീവെടുത്തിരുന്ന ശുഭ ക്ഷേത്രത്തില്‍ പോകാതെയായി. മക്കളോടും ഭര്‍ത്താവിനോടുമുള്ള സ്നേഹം കുറഞ്ഞു. മകള്‍ സ്കൂളില്‍ വീണ് പരിക്കുപറ്റിയിട്ടും ഒരമ്മയുടെ വ്യാകുലത തന്റെ മകളുടെ മുഖത്ത് കണ്ടില്ലെന്ന് ശ്യാമള ഓര്‍ക്കുന്നു. ഇതിനിടയില്‍ ചാത്തമംഗലം ആര്‍ഇസി കോളേജിലേക്ക് ജോലിമാറ്റംകിട്ടി. ഒരു ദിവസം നിസ്കാരം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇസ്ലാംമതം സ്വീകരിച്ചെന്ന് മനസിലാകുന്നത്. അപ്പോഴേക്കും ശുഭ ഫാത്തിമയായിക്കഴിഞ്ഞിരുന്നു. 2013 മാര്‍ച്ച് 26ന് കോളേജിലേക്ക് പോയ ശുഭ പിന്നെ മടങ്ങി വന്നില്ല.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സത്യസരണിയെന്ന ജിഹാദി പഠനകേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. ചെട്ടിയാങ്കിണര്‍ സ്കൂളിലെ ലാബ് അസിസ്റ്റന്റ് സെയ്ദാലിയാണ് ശുഭയെ മതം മാറ്റിയതെന്ന് ശ്യാമള പറയുന്നു. അതിനായി മലപ്പുറം സത്യസരണിയിലെത്തിച്ചതും സെയ്ദാലിയാണ്. പലസ്ഥലങ്ങളിലും വച്ച് ശുഭയെ കണ്ട് തിരികെ കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചു. അപ്പോഴെല്ലാം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീനും പ്രവര്‍ത്തകയായ സൈനബയും എത്തിയെന്ന് ശ്യാമള പറഞ്ഞു. കുടുംബം മുഴുവന്‍ മതംമാറണമെന്ന നിലയില്‍ സംസാരിച്ചു. തങ്ങള്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് പറയുന്നവര്‍ ശുഭയെ മലപ്പുറം സത്യസരണിയിലേക്ക് കൊണ്ടുപോയി. മലപ്പുറത്തേക്ക് സ്ഥലം മാറ്റം വാങ്ങി. വോട്ടര്‍പട്ടികയിലും ഫാത്തിമയെന്ന് പേരുമാറ്റി. സത്യസരണിയില്പ്പോയി തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ഒറ്റയ്ക്ക് കാണാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജ്ജി നല്കി. കുഞ്ഞുങ്ങളുടെ കണ്ണീരുപോലും കാണാതെ സൈനബയ്ക്കൊപ്പം പോയാല്‍ മതിയെന്ന് കോടതിയില്‍ പറയുന്നരീതിയിലേക്ക് അവളെ മാറ്റി. ഓരോ തവണ വരുമ്പോഴും തടവുപുള്ളിയെ എന്നപോലെ ഒരുകൂട്ടം ആള്‍ക്കാരുമായാണ് എത്തിയതെന്ന് ശ്യാമള ഭീതിയോടെ ഓര്‍ക്കുന്നു.
കുട്ടികളെ തന്റെ കൂടെ അയക്കണം എന്നാവശ്യപ്പെട്ട് ശുഭ കോടതിയെ സമീപിച്ചു. കുട്ടികളെ നല്‍കിയില്ലെങ്കില്‍ ശുഭയുടെ ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലുമെന്നും കുട്ടികളെ കൊണ്ടുപോകുമെന്നും കോടതി പരിസരത്ത് പോലീസിനുമുന്നില്‍ ശുഭയ്ക്കൊപ്പം വന്നവര്‍ ഭീഷണി മുഴക്കി. കുട്ടികളെ വിട്ടുകൊടുക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ശ്യാമള.
അനീഷ് അയിലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: