കൊൽക്കത്ത : അടുത്തിടെ രാജ്യസഭയിൽ നിന്ന് രാജിവച്ച് ടിഎംസി വിട്ട മൂന്ന് നേതാക്കളായ സുഖേന്ദു ശേഖർ റോയ്, പ്രകാശ് ചിക് ബരായ്‌ക്, സുസ്മിത ദേവ് എന്നിവർ ബിജെപിയിൽ ചേർന്നു. സാൾട്ട് ലേക്ക് ബിജെപി ഓഫീസിൽ വെച്ചാണ് സംസ്ഥാന ബിജെപി പ്രസിഡന്റ് ഷാമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിൽ ഇവർ ബിജെപിയിൽ ചേർന്നത് . മൂന്ന് അംഗങ്ങൾക്കും ബിജെപിയിൽ നിന്ന് രാജ്യസഭാ ടിക്കറ്റ് ലഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
ബിജെപി പതാകകൾ നൽകി അവരെ സ്വാഗതം ചെയ്ത ഭട്ടാചാര്യ, അവരുടെ രാഷ്‌ട്രീയ അനുഭവം സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ആഭ്യന്തര കലഹങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം .
പുറത്താക്കപ്പെട്ട എം.എൽ.എ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ ഒരു വലിയ കൂട്ടം എം.എൽ.എമാർ പിരിഞ്ഞതിനെ തുടർന്നാണ് പ്രതിസന്ധി ആരംഭിച്ചത്. വിമത എംപിമാർ പാർലമെൻ്റിൽ പ്രത്യേക ഇരിപ്പിടങ്ങൾ തേടുകയും മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
മൂന്ന് നേതാക്കളും കഴിഞ്ഞ മാസം മുൻപാണ് തൃണമൂൽ കോൺഗ്രസിൽ നിന്നും , രാജ്യസഭയിൽ നിന്നും രാജിവെച്ചത്.രാഷ്‌ട്രീയവും വ്യക്തിപരവുമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ തീരുമാനമെന്ന് പാർട്ടി വിട്ടതിന് ശേഷം സുസ്മിത ദേവ് പറഞ്ഞിരുന്നു . ‘ എന്തുകൊണ്ടാണ് ഞാൻ തൃണമൂൽ കോൺഗ്രസ് വിട്ടതെന്നത് ഒരു നീണ്ട കഥയാണ്. ഒരേ സമയം രണ്ട് വള്ളത്തിൽ ഇരിക്കുന്ന അവസ്ഥ വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മമത ദീദിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ‘അവർ പറഞ്ഞിരുന്നു.
രാജിവെച്ച ആദ്യ മുതിർന്ന നേതാക്കളിൽ ഒരാളായ സുഖേന്ദു ശേഖർ റേ, സ്ഥാനമൊഴിഞ്ഞതിന് ശേഷം ടിഎംസിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു. വർഷങ്ങളായുള്ള ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നും ആർജി കർ ആശുപത്രി വിവാദത്തിനിടെ രാജിവെച്ചിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
“ഞാൻ രാജ്യസഭാ ചെയർമാനെ കണ്ട് രാജിക്കത്ത് സമർപ്പിച്ചു. പാർട്ടിയിൽ നിന്ന് രാജിവെക്കാനുള്ള തീരുമാനം വാട്‌സ്ആപ്പിലൂടെയും ഇമെയിലിലൂടെയും മമതാ ബാനർജിയെ അറിയിച്ചു. 2029 വരെ രാജ്യസഭയിൽ സേവനമനുഷ്ഠിച്ചിരുന്നു, എന്നാൽ തുടരാൻ ബുദ്ധിമുട്ടായതിനാൽ പാർട്ടിയിൽ നിന്ന് രാജിവച്ചു,” റേ രാജിക്കത്തിൽ കൂട്ടിച്ചേർത്തു.
















