തിരുവനന്തപുരം: വിദ്യാര്‍ഥികളാണ് കേരളത്തിന്റെ ഭാവിനിര്ണയിക്കേണ്ടതെന്ന് വിജ്ഞാന് ഭാരതി സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍. ജന്മഭൂമിയും വിജ്ഞാന് ഭാരതിയും സംയുക്തമായി സംഘടിപ്പിക്കുന്ന എസ്എസ്എഫ്കെ 2017 ശാസ്ത്രമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഷ്ടപ്പെടാനും പഠിക്കാനും അറിയാനും നേടാനും വിജയിക്കാനുള്ള ആത്മവിശ്വാസമുണ്ടാകണം. നാളത്തെ കേരളം പുതുതലമുറകളിലൂടെ അറിയപ്പെടണം. പുത്തന്‍ ഭാരതത്തെ നിര്‍മിക്കുന്നതില്‍ പങ്കുവഹിക്കാന്‍ ഇതുപോലുള്ള ശാസ്ത്രമേളകള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഒരുപാട് പ്രഗത്ഭരെ സംഭാവന ചെയ്തിട്ടുണ്ട്. ഭാരതത്തിന്റെ നെറുകയില്‍ വിഹരിച്ചിരുന്ന ശക്തി സ്രോതസ്സായിരുന്നു ഒരുകാലത്ത് കേരളം. എന്നാല്‍ ഇന്ന് കേരളത്തിന് എടുത്ത് പറയാനായി ഒന്നുമില്ല. കേരളം പിന്നോട്ട് പോകുകയാണ്. കേരളത്തിന്റെ പലകണക്കുകളും ഇന്ന് നമ്മളെ അദ്ഭുതപ്പെടുത്തുന്നു. കള്ളിന്റെ വരുമാനം കൊണ്ട് ഭരിക്കുന്ന രാജ്യത്തെ ഏക സര്‍ക്കാരാണ് കേരളസര്‍ക്കാര്‍.
ഭാരതം വിജയത്തിലേക്ക് അടുക്കുകയാണ്. പത്തുവര്‍ഷത്തിനുള്ളില്‍ എല്ലാ നിലയിലും വിജയം കൈവരിക്കാന്‍ ഭാരതത്തിന് സാധിക്കും. അതില്‍ വിദ്യാര്‍ഥികളും പങ്കാളികളാകണം. അതിന് വേണ്ടിയുള്ള ശ്രമമാകണം ആരംഭിക്കേണ്ടത്. തന്റേതായ പങ്ക് അതില്‍ ഉണ്ടാകണം എന്ന് ഒാരോരുത്തരും പ്രതിജ്ഞയെടുക്കണം. ശാസ്ത്രമേളയില്‍ വിജയിക്കുന്ന എല്ലാവരെയും ശ്രീഹരിക്കോട്ടയില്‍ കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: