കോട്ടയം: അധികാരത്തിന്റെ തണലില്‍ നടത്തിയ സിപിഎം ജില്ലാ സമ്മേളനത്തില്‍ നടന്നത് കടുത്ത നിയമലംഘനങ്ങള്‍. പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാക്കതെ സമ്മേളനവും പ്രകടനവും നടത്തണമെന്ന ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് കാറ്റില്‍ പറത്തിയാണ് സമ്മേളന മാമാങ്കം അരങ്ങേറിയത്. മറ്റാര്‍ക്കും പരിപാടികള്‍ക്ക് വിട്ട് കൊടുക്കാത്ത പോലീസ് പരേഡ് ഗ്രൗണ്ട് വരെ പാര്‍ട്ടിയുടെ ധാര്‍ഷ്ട്യത്തിന് അടിയറവ് പറഞ്ഞ് വി്ട്ട് കൊടുക്കേണ്ടിയും വന്നു.
ഇന്നലെ നടന്ന റെഡ് വോളണ്ടിയര്‍ പരേഡിന് ഗ്രൗണ്ട് വിട്ട് കൊടുത്താണ് പോലീസ് പാര്‍ട്ടിയോട് വിധേയത്വം ്കാണിച്ചത്. മുമ്പ് പല സംഘടനകളും ഗ്രൗണ്ട് ലഭിക്കുന്നതിനായി അനുമതി തേടിയപ്പോള്‍ ഹെലിപ്പാഡ് ഉള്ള ഗ്രൗണ്ട് ഔദ്യോഗിക പരിപാടികള്‍ക്കല്ലാതെ കൊടുക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ഉണ്ടെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍ മണിക്കുറുകളോളം സിപിഎം വാളണ്ടിയര്‍മാര്‍ക്ക് പരിശീലിക്കാനും പ്രകടനം ആരംഭിക്കുന്നതിനും കേന്ദ്ര നിര്‍ദ്ദേശം വിഘാതമായില്ല. ഇന്നലെ ഉച്ചമുതല്‍ വൈകുന്നേരം വരെ സ്റ്റേഡിയം സിപിഎം നിയന്ത്രണത്തിലായിരുന്നു.
ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന വിധത്തില്‍ കൊടിതോരണങ്ങള്‍, ഫ്ളക്സ് ബോര്‍ഡുകള്‍ എന്നിവ വയ്ക്കാന്‍ പാടില്ലെന്ന ഉത്തരവ് ജില്ലാ പോലീസ് മേധാവി ഒരാഴ്ച മുമ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ അതിന്റെ മഷി ഉണങ്ങുന്നതിന് മുമ്പേ പ്രതിമകളും കമാനങ്ങളും ഉയര്‍ന്നു. നഗരത്തില്‍ മാമ്മന്‍ മാപ്പിള ഹാളിന് സമീപം ഏറ്റവും തിരക്കേറിയ കെ. കെ. റോഡിന് മധ്യത്തിലായിരുന്നു തോരണം കെട്ടിയിരുന്നത്. വാഹനം തട്ടി പൊട്ടി പോകാതെയിരിക്കാന്‍ റെഡ് വോളണ്ടിയര്‍മാരെയും നിയോഗിച്ചിരുന്നു. പോലീസ് നോക്കി നില്‍ക്കേ തോരണത്തില്‍ തട്ടുന്ന വാഹനങ്ങള്‍ തിരിച്ച് വിടുന്ന ജോലിയും അവര്‍ ഏറ്റെടുത്തു. നഗരത്തില്‍ തന്നെ ഗാന്ധി പ്രതിമയേയും വെറുതേ വിട്ടില്ല. പ്രതിമയെ മൂടിയും തോരണം കെട്ടി.
റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും യാതൊരു ബുദ്ധിമുട്ടും പ്രകടന സമയത്ത് ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി ലംഘിക്കപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞത് മുതല്‍ കോട്ടയം നഗരം നിശ്ചലമായി. പ്രകടനം വരുന്ന സ്ഥലത്ത് കൂടി ഇരുചക്ര വാഹനം പോലും കടത്തി വിട്ടില്ല. സിപിഎമ്മിന്റെ പരസ്യമായ നിയമ ലംഘനങ്ങള്‍ക്ക് ജില്ലാ ഭരണനേതൃത്വം കുടപിടിക്കുന്ന സ്ഥിതിയാണ് കോട്ടയത്ത് ഉണ്ടായിരിക്കുന്നത്. സിപിഎമ്മിന് എന്തുമാകാം, മറ്റുള്ളവര്‍ മാത്രം നിയമം അനുസരിച്ചാല്‍ മതിയെന്ന നിലയിലാണ് കാര്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: