ഏറ്റുമാനൂര്‍: തീപിടിച്ചതിനെ തുടര്‍ന്ന് പാവപ്പെട്ട തൊഴിലാളികള്‍ക്ക് ചികിത്സയും മരുന്ന് വിതരണവും നടത്തുന്ന ഇഎസ്ഐ ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം താളം തെറ്റി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഡിസ്പെന്സറയിലെ ഫ്രിഡ്ജിന് തീപിടിച്ചത്.മരുന്നുകള്‍ സൂക്ഷിക്കുന്ന ഫ്രിഡ്ജാണ് കത്തിനശിച്ചത്. ഇതിലുണ്ടായിരുന്ന 500 കുപ്പി ഇന്‍സുലിന്‍ മരുന്നുകള്‍ ഉപയോഗശൂന്യമായി. വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 8000 ത്തോളം തൊഴിലാളികളാണ് ഈ ഡിസ്പെന്‍സറിയെ ആശ്രയിക്കുന്നത്.
ഫ്രിഡ്ജിന്റെ മുകളിലിരുന്ന സ്റ്റെബിലൈസര്‍ തകരാറ് മൂലം കത്തിയതെന്നാണ് സംശയം. ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്ന രോഗികള്‍ക്ക് ഉപയോഗിക്കുന്ന നെബുലൈസര്‍ എന്ന ഉപകരണവും കത്തിനശിച്ചു. ഫ്രിഡ്ജ് പൂര്‍ണ്ണമായി കത്തിയതിനെ തുടര്‍ന്നുള്ള കറുത്ത പൊടി നിറഞ്ഞ മുറിയില്‍ പരിശോധനക്കിടയില്‍ ഡോക്ടര്‍ക്ക് ശ്വാസമുട്ടല്‍ ഉണ്ടായി. തുടര്‍ന്ന് വടവാതൂര്‍ ഇഎസ്ഐലേക്കു പരിശോധന മാറ്റി.
തീപിടുത്ത കാരണം പരിശോധിക്കാന്‍ കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടര്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തിയിരുന്നു. വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ ഇനി ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിന്റെ അനുമതി വേണം. മരുന്നുകള്‍ സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കി എന്ന് തുറക്കും എന്നതിന് ഒരു ഉറപ്പുമില്ല. ഇഎസ്ഐ യുടെ കൊല്ലം കേന്ദ്ര ഓഫീസില്‍ നിന്നുള്ള പരിശോധയും വേണം.
തീപിടുത്തത്തെ തുടര്‍ന്ന് ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം താളം തെറ്റി. നിലവിലത്തെ സാഹചര്യത്തില്‍ ഡോക്ടറെ കണ്ടതിനു ശേഷം ഏറ്റുമാനൂര്‍ ഇ.എസ്.ഐ.ഡിസ്പന്‍സറിയില്‍ വന്നു മരുന്നു മേടിക്കണം. പഴകി ദ്രവിച്ച കാലഹരണപ്പെട്ടകെട്ടിടം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: