കോട്ടയം: ബിജെപി ജില്ലയില്‍ ശക്തി പ്രാപിക്കുന്നതായും ഘടക കക്ഷിയായ സിപിഐ തകര്‍ന്നതായും സിപിഎം ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വി.എന്‍.വാസവന് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്ഥലമായ കോട്ടയത്ത്് സിപിഐ അഞ്ചാം സ്ഥാനത്താണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതിനിടെ സിപിഎം ജില്ലാ സമ്മേളനത്തില്‍ മറനീക്കി പുറത്തുവന്ന വിഭാഗീയത തണുപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം രംഗത്തെത്തി. ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിങിന് ശേഷം നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ അഭിപ്രായം പറയാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ്.പി. വര്‍ഗീസ് ഇറങ്ങിപ്പോയത് നേതൃത്വത്തെ ഞെട്ടിച്ചു. ഇതേതുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ നേതൃത്വം അനുനയത്തിന് തയ്യാറാകുകയായിരുന്നു.
ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്റെ ഗ്രൂപ്പില്‍പ്പെട്ടവരാണ് സുഭാഷിനെ വിലക്കിയത്. കനത്ത ബന്തവസ്സില്‍ നടന്നുവരുന്ന പ്രതിനിധി സമ്മേളനത്തിലെ വാര്‍ത്തകള്‍ ചോര്‍ന്നതിന് ജില്ലയിലെ ഒരു പ്രമുഖ നേതാവടക്കം മൂന്നു പേരെ പാര്‍ട്ടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സമ്മേളന നഗരിയില്‍ മൊബൈല്‍ ഫോണിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും വാര്‍ത്ത ചോര്‍ന്നത് നേതൃത്വത്തെ ആശങ്കയിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: