കണ്ണൂര്‍: കണ്ണൂര്‍ ഗൈനക്കോളജി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കൗമാരപ്രായക്കാര്‍ക്കുള്ള ബോധവല്‍ക്കരണ യജ്ഞമായ തളിര്‍ പ്രൊജക്റ്റിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും. രാവിലെ 11 മണിക്ക് ആറളം ഫാം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടക്കും. കൗമാരപ്രായക്കാര്‍ നേരിടുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന ബോധവല്‍ക്കരണ സ്‌കിറ്റും ഇതിന്റെ ഭാഗമായി നടക്കും. കുട്ടികളുടെ സംശയങ്ങള്‍ക്ക് ഡോക്റ്റര്‍മാര്‍ മറുപടി നല്‍കും. ശുചിത്വം, പോഷകാഹാരക്കുറവ്, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയിലൂന്നിയായിരിക്കും രണ്ടാം ഘട്ടത്തിലെ പരിപാടികള്‍ നടപ്പിലാക്കുക.
സംസ്ഥാന അഡോള്‍സെന്റ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.സുചിത്ര സുധീര്‍, കണ്ണൂര്‍ ഗൈനക്കോളജി സൊസൈറ്റി പ്രസിഡണ്ട് ഡോ.മിനി ബാലകൃഷ്ണന്‍, സെക്രട്ടറി ഡോ.ഷൈജസ്, വൈസ് പ്രസിഡണ്ട് ഡോ.രാജമ്മ രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
















