അഞ്ചല്‍: വിളക്കുപാറയില്‍ മദ്യപിച്ച് കാറോടിച്ച സംഘം മൂന്ന് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നിനോടെ വിളക്കുപാറ ഇടമണ്‍ റോഡിലാണ് സംഭവം നടന്നത്. ഇടമണ്‍ ഭാഗത്തുനിന്ന് വിളക്കുപാറയിലേക്ക് വരികയായിരുന്ന ബൈക്കുകളെ പിന്തുടര്‍ന്നുവന്ന കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിക്കുകയും കാറിലുണ്ടായിരുന്ന മൂന്നംഗസംഘം ഇറങ്ങി ബൈക്ക് യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തിനു ശേഷം കാറുമായി കടന്ന സംഘം ഓയില്‍പാം എസ്റ്റേറ്റിനുളളില്‍ കയറി ഒളിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ എസ്റ്റേറ്റിനുള്ളല്‍ നിന്ന് മദ്യപസംഘത്തെയും കാറും കണ്ടെത്തി. ഓയില്‍പാം എട്ടാംബ്ലോക്ക് മെയിന്‍ ഗേറ്റിനു സമീപത്തുനിന്നാണ് മദ്യപസംഘത്തെ നാട്ടുകാര്‍ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത മദ്യപസംഘത്തെ ഏരൂര്‍ പോലീസ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മദ്യപസംഘം കാര്‍കൊണ്ട് ഇടിച്ചുവീഴ്‌ത്തി മര്‍ദ്ദിച്ച് പരിക്കേല്പിച്ച ഉറുകുന്ന് സ്വദേശി അജിഷിനേയും മറ്റു ബൈക്ക് യാത്രികരെയും നാട്ടുകാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
















