പഴയങ്ങാടി: വീടുകളില്‍ അജ്ഞാതസംഘം പ്രത്യേകതരം അടയാളം രേഖപ്പെടുത്തിയത് നാട്ടുകാരില്‍ ഭീതിയുണര്‍ത്തി. കുഞ്ഞിമംഗലം മല്ലിയോട് പാലോട്ട്കാവിന് സമീപമുള്ള വീടുകളിലാണ് കഴിഞ്ഞ ദിവസം അജ്ഞാതസംഘം അടയാളങ്ങള്‍ രേഖപ്പെടുത്തിയത്. അന്തര്‍സംസ്ഥാന മോഷ്ടാക്കാളാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ട്. കുടുംബസമേതം വിദേശത്തുകഴിയുന്ന ഒരാളുടെ വീടിന്റെ മതിലിലാണ് കഴിഞ്ഞ ദിവസം അടയാളം രേഖപ്പെടുത്തിയതായി കണ്ടെത്തിയത്. വൃത്തത്തിനുള്ളില്‍ ഒന്ന് എന്ന് രേഖപ്പെടുത്തുകയായിരുന്നു. നാടോടികളും പഴയസാധനങ്ങള്‍ വാങ്ങാനെത്തുന്നവരുമാണ് പൂട്ടിക്കിടക്കുന്ന വീടുകളും മറ്റും കണ്ടെത്തി കൊള്ളസംഘത്തിന് വിവരം നല്‍കുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മാസങ്ങള്‍ക്കുമുമ്പ് പഴയങ്ങാടി, അടുത്തില, മുട്ടം, എരിപുരം, തുടങ്ങിയ ഭാഗങ്ങളില്‍ ഇത്തരത്തില്‍ മാര്‍ക്ക് ചെയ്ത വീടുകളില്‍ കവര്‍ച്ച നടന്നിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
















