തിരുവനന്തപുരം: ക്വാറി ഉല്പന്നങ്ങളുടെ അമിതവില അന്വേഷിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. പൊതുമരാമത്ത്-സ്വകാര്യ നിര്‍മ്മാണ മേഖലകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാറക്കല്ല്, മെറ്റല്‍, എം-സാന്റ് തുടങ്ങിയ ഉല്പന്നങ്ങള്‍ക്ക് ജിഎസ്ടിയുടെ പേരില്‍ ക്വാറി ഉടമകള്‍ അമിതമായ വിലവര്‍ദ്ധന വരുത്തിയതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ചരക്കു സേവന നികുതിയുടെ പേരില്‍ ഇരട്ടിയോളം തുക വര്‍ദ്ധിപ്പിച്ചത് തികച്ചും അന്യായമായ നടപടിയാണ്. ക്വാറികള്‍ പൂട്ടിയതിന്റെ ഭാഗമായി ഉല്പന്നങ്ങളുടെ ലഭ്യതക്കുറവിനേയും അന്യായ വിലവര്‍ദ്ധനവിനുള്ള മറയാക്കിയിരിക്കുകയാണ്.
ഈ വിഷയം മുഖ്യമന്ത്രിയുടേയും വ്യവസായ മന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അന്യായ വിലവര്‍ദ്ധന സംബന്ധിച്ച് അന്വേഷണമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വില വര്‍ദ്ധിപ്പിച്ച ക്വാറി ഉടമകളുടെ നടപടി നീതീകരിക്കാവുന്നതല്ലെന്നും പരിഹാരനടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
















