ഗാസിയാബാദ് : നിതാരി കൂട്ടക്കൊലക്കേസില്‍ പ്രതികളായ മൊനീന്ദര്‍ സിങ്ങ് പാന്ഥര്‍, സുരേന്ദ്ര കോലി എന്നിവര്‍ക്ക് പ്രത്യേക സിബിഐ കോടതി വീണ്ടും വധശിക്ഷ വിധിച്ചു. പാന്ഥറിന് ലഭിക്കുന്ന മൂന്നാമത്തെയും കോലിക്ക് ലഭിക്കുന്ന എട്ടാമത്തെയും വധശിക്ഷയാണിത്.
ഇവര്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നതായി പ്രത്യേക ജഡ്ജി പി.കെ. തിവാരി വ്യക്തമാക്കി.
പ്രമുഖ ബിനിനസുകാരനായ പാന്ഥറും സഹായി കോലിയും ചേര്‍ന്ന് 2006ല്‍ വേലക്കാരി അഞ്ജലി അടക്കം നിരവധി യുവതികളെയും പെണ്‍കുട്ടികളെയും മാനഭംഗത്തിന് ഇരയാക്കിയ ശേഷം കൊന്നുവെന്നാണ് കേസ്. അഞ്ജലിയെ ഇരുവരും വലിച്ചിഴച്ച് പാന്ഥറിന്റെ നോയ്ഡയിലെ വീട്ടിനുള്ളില്‍ എത്തിച്ച് ബോധം കെടുത്തി മാനഭംഗപ്പെടുത്തിയെന്നും അതിനു ശേഷം കൊന്ന് മാംസം ഭക്ഷിച്ചെന്നുമാണ് കേസ്. ഇരുവരും പൈശാചികമായ കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയ കോടതി ഇതിന് വധശിക്ഷയില്‍ കുറഞ്ഞൊന്നും വിധിക്കാനാവല്ലെന്നും വ്യക്തമാക്കി. ഇവര്‍ കുറ്റക്കാരാണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.
ആദ്യം സിബിഐ പാന്ഥറിനെതിരെ കേസ് എടുത്തിരുന്നില്ല. കോലിയെ മാത്രം പ്രതിയാക്കാനായിരുന്നു നീക്കം. എന്നാല്‍ കേസ് പരിഗണിക്കുന്നതിനിടെ സത്യം മനസിലാക്കിയ കോടതി പാന്ഥറിനെ വിളിച്ചുവരുത്തി പ്രതിയാക്കുകയായിരുന്നു. 2006 ഡിസംബര്‍ 29നാണ് കോലി അറസ്റ്റിലായത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പാന്ഥറിന്റെ വീടിന്റെ പിന്നില്‍ നിന്ന് നിരവധി തലയോട്ടികള്‍ കണ്ടെടുത്തത്. അവയില്‍ രെണ്ടണ്ണം അഞ്ജലിയുടേതും സഹോദരന്റെതുമാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു.
കൂട്ടക്കൊലകളുമായി ബന്ധപ്പട്ട് പാന്ഥറിന് വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ കേസാണിത്. കോലിക്ക് എട്ടുകേസുകളിലാണ് വധശിക്ഷ ലഭിച്ചത്. ഇരുവര്‍ക്കും എതിരെ മാനഭംഗപ്പെടുത്തി കൊന്നതുമായി ബന്ധപ്പെട്ട് 19 കേസുകളാണ് എടുത്തിട്ടുള്ളത്. 16 എണ്ണത്തില്‍ കുറ്റപത്രം നല്‍കി, പത്തെണ്ണത്തില്‍ വിധി വന്നു. കോലിക്ക് എട്ടും പാന്ഥറിന് മൂന്നും വധശിക്ഷകളും മറ്റു കേസുകളില്‍ ജീവപര്യന്തങ്ങളുമാണ് ലഭിച്ചത്.
















