തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. തെരച്ചലിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളാണ് പൂന്തുറയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 16 ആയി. ഇന്നലെ മാത്രം എട്ട് പേര്‍ മരണപ്പെട്ടിരുന്നു.
കടലില്‍ നിന്ന് ഇരുനൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. തിരുവനന്തപുരത്ത് ഇന്നലെ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതില്‍ ഒന്ന് തൂത്തുക്കുടി സ്വദേശി ചൂഡ് ( 42 ) എന്ന ആളിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മറ്റ് നാല് മൃതദേഹങ്ങള്‍ തമിഴ്നാട് സ്വദേശികളുടേതാണെന്നാണ് സൂചന.
വിഴിഞ്ഞത്ത് നിന്നും തമിഴ് നാട്ടിലെ കന്യാകുമാരി, നാഗപട്ടണം, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായി ബോട്ടുകളില്‍ പോയ 179 പേര്‍ ലക്ഷദ്വീപിലെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം കാണാതായത് 130 പേരെയാണ്.
















