തൃശൂര്‍: സര്‍ക്കാരും ചലച്ചിത്ര വികസന കോര്‍പ്പറേഷനും അവഗണിച്ചു. സ്വന്തം സിനിമയുടെ ടിക്കറ്റ് നടന്നുവിറ്റ് പ്രദര്‍ശനമൊരുക്കി സംവിധായകന് പ്രിയനന്ദനന്. ഇന്നലെ രാവിലെ ഒന്‍പത് മണിക്കാണ് പ്രിയനന്ദനന്റെ പാതിരാക്കാലം എന്ന സിനിമ തൃശൂര്‍ ഗിരിജ തിയേറ്ററില്‍ ആദ്യ പ്രദര്‍ശനത്തിനെത്തിയത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീയറ്ററുടമകള്‍ തയ്യാറാകാതെ വന്നപ്പോള്‍ തിയേറ്റര്‍ വാടകക്കെടുത്ത് പ്രദര്‍ശനം സംഘടിപ്പിക്കുകയായിരുന്നു.
ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കൈരളി- ശ്രീ തിയേറ്ററിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായില്ല. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് കേരളത്തില്‍ ഇതാണ് അനുഭവമെങ്കില്‍ ഈ രംഗത്തേക്ക് പുതുതായി കടന്നുവരുന്നവരുടെ ഗതിയെന്താകുമെന്നും ചോദിക്കുന്നു അദ്ദേഹം. ചലച്ചിത്ര അക്കാദമി ഭരണസമിതിയംഗം കൂടിയാണ് പ്രിയനന്ദനന്.
സാധാരണ സിനിമസമയത്ത് തിയേറ്റര്‍ വാടകക്കെടുക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണം. ഒടുവില്‍ രാവിലെ ഒന്‍പത് മണിക്ക് കുറഞ്ഞ വാടകയ്ക്ക് തിയേറ്റര്‍ ലഭിച്ചു. ഇരുന്നൂറ് രൂപ നിരക്കിലുള്ള ടിക്കറ്റുകള്‍ അച്ചടിച്ച് സംവിധായകനും അണിയറപ്രവര്‍ത്തകരും തൃശൂര്‍ ടൗണില്‍ നടന്നുവിറ്റാണ് ഷോ സംഘടിപ്പിച്ചത്. സുഹൃത്തുക്കളും സിനിമാ പ്രേമികളും ഉള്‍പ്പെടെയുള്ളവര്‍ സിനിമക്കെത്തിയതോടെ ആദ്യപ്രദര്‍ശനം ഹൗസ്ഫുള്. ഇന്നും രാവിലെ ഒന്‍പതിന് ചിത്രം പ്രദര്‍ശിപ്പിക്കും.
സമാന്തര സിനിമകളോട് കേരളത്തിലെ ഭരണകൂടം മുഖം തിരിക്കുകയാണെന്ന് പ്രിയനന്ദനനും തിരക്കഥാകൃത്ത് പി.എന്‍. ഗോപീകൃഷ്ണനും പറഞ്ഞു. മഹാരാഷ്ട്രയില്‍ മറാത്തി ഭാഷയിലെടുക്കുന്ന സിനിമകള്‍ക്ക് സര്‍ക്കാര്‍ നാല്പത് ലക്ഷം സബ്സീഡി നല്കുമ്പോള് കേരളത്തില്‍ അത്തരം സഹായങ്ങള്‍ നാമമാത്രമാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടക്കുന്ന ജോലികള്‍ക്ക് അഞ്ച് ലക്ഷം കിഴിവ് ലഭിക്കുമെന്നുമാത്രം. ചിത്രാഞ്ജലി ഉപയോഗിക്കാത്തവര്‍ക്ക് അതും ലഭിക്കില്ല. ആധുനിക സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ ചിത്രാഞ്ജലി വളരെ പിറകിലുമാണ്.
















