കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് കുണ്ടന്നൂര്‍ പുതുവല്‍സ്ഥലം വീട്ടില്‍ കുണ്ടന്നൂര്‍ തമ്പിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം നടത്തി പോലീസ് റിപ്പോര്‍ട്ട് നല്‍കി.
25 കോടി രൂപയിലധികം വരുന്ന സ്വത്തുക്കള്‍ തമ്പി സ്വന്തം പേരിലും ബിനാമി പേരിലും വാങ്ങിയിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. 10 ലക്ഷം രൂപ വീതം വിലവരുന്ന അഞ്ച് ആഡംബര ബോട്ടുകള്‍ തമ്പി വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്നുണ്ട്. കൊച്ചി സിറ്റി പോലീസ് ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ട് നല്‍കി.
2008ല്‍ തമ്പിക്കെതിരെ ഗുണ്ടാനിയമ പ്രകാരം കേസെടുത്ത് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മരട്, പനങ്ങാട്, കൊഴിഞ്ഞാമ്പാറ, കോട്ടയ്‌ക്കല്‍, തൃക്കാക്കര എന്നിവിടങ്ങളില്‍ പതിനഞ്ചോളം കേസുകളുണ്ട്. നാടന്‍ ബോംബെറിഞ്ഞ് പണം തട്ടിയതിനാണ് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്റ്റേഷനില്‍ കേസുള്ളത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പാലാരിവട്ടം, തൃക്കാക്കര പോലീസ് സ്‌റ്റേഷനുകളിലും മലപ്പുറം കോട്ടയ്‌ക്കല്‍ പോലീസ് സ്‌റ്റേഷനുകളിലും തമ്പിക്കെതിരെ കേസുണ്ട്. ഷെയര്‍ നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിന് മരട് പോലീസിലും കേസെടുത്തിരുന്നു. വധഭീഷണി, വ്യാജരേഖയിലൂടെയും ചതിച്ചും 17 ലക്ഷം തട്ടിയെടുക്കല്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ടും കേസുണ്ട്.
പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ച് നടപടിയെടുക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയത്. തമ്പിയുടെ പേരിലുള്ള വസ്തുക്കളുടെയും ബോട്ടുകളുടെയും വിശദവിവരങ്ങളും അനുബന്ധരേഖകളും പോലീസ് നല്‍കിയിട്ടുണ്ട്.
















