തൃശൂര്‍: ‘ഓഖി’ ചുഴലിക്കാറ്റില്‍പ്പെട്ട് കൊല്ലത്തുനിന്ന് കാണാതായ അഞ്ചുബോട്ടുകള്‍ ചേറ്റുവ ഹാര്‍ബറില്‍ എത്തി. ബോട്ടിലുണ്ടായിരുന്ന 43 പേരും സുരക്ഷിതരാണ്. കൊല്ലത്തു നിന്ന് പുറപ്പെട്ട തമിഴ്നാട് സ്വദേശികളടക്കമുള്ള മത്സ്യബന്ധന തൊഴിലാളികളാണ് 5 ബോട്ടുകളിലായി ചേറ്റുവ ഹാര്‍ബറിലെത്തിയത്.
ദിവസങ്ങളായി കടലില്‍ കുടുങ്ങിയിട്ട്. ചുഴലിക്കാറ്റില്‍ കടലിന്റെ ഗതി മാറിയതോടെയാണ് കുടുങ്ങിയത്. നിയന്ത്രണം വിട്ട ബോട്ടുകളില്‍ ദിവസങ്ങളായി കടലില്‍ കഴിഞ്ഞ ഇവര്‍ ഏറെ പണിപ്പെട്ട് ചേറ്റുവ ഹാര്‍ബറിലെത്തുകയായിരുന്നു. ആദ്യം മൂന്ന് ബോട്ടുകള്‍ കരക്കെത്തുകയായിരുന്നു.
ഇവര്‍ വിവരമറിയിച്ചതനുസരിച്ച് കോസ്റ്റ്ഗാര്‍ഡ് മറ്റ് രണ്ട് ബോട്ടുകള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടില്ല. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഈ രണ്ട് ബോട്ടുകളും സുരക്ഷിതമായി ഹാര്‍ബറിലെത്തി. ദിവസങ്ങളായി കടലില്‍ കഴിഞ്ഞതിനാല്‍ മിക്കവരും അവശരാണ്.
















