കണ്ണൂര്‍: കേരളത്തില്‍ കുറേക്കാലമായി ഏകപക്ഷീയമായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതക രാഷ്‌ട്രീയത്തിനെതിരെ യുവജന മുന്നേറ്റമുണ്ടാകണമെന്ന് സുരേഷ്‌ഗോപി എംപി പറഞ്ഞു. കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് ഇതര സംഘടനകള്‍ ശക്തിപ്രാപിക്കുമ്പോള്‍ അവയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നടപടിയില്‍ നിന്ന് സിപിഎം പിന്‍മാറണം. രാജ്യ ഭരണം കയ്യാളുന്ന ബിജെപി വളരെ ഉത്തരവാദിത്വത്തോടെ, കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണം എന്ന് തീരുമാനിച്ച് മുന്നോട്ട് പോകുകയാണ്.
2014ല്‍ ആര്‍എസ്എസിന്റെ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് വധത്തിന് ശേഷം തുടര്‍ച്ചയായി സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരെ സിപിഎം ഉന്മൂലനം ചെയ്യുകയാണ്. മനുഷ്യത്വം രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് കെ.പി. പ്രകാശ് ബാബു അധ്യക്ഷതവഹിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, യുവമോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് മുരുകാനന്ദം, അഖിലേന്ത്യാ സെക്രട്ടറി ആനൂപ് ആന്റണി ജോസഫ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍കുമാര്‍, ബിജെപി സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി സ്വാഗതവും യുവമോര്‍ച്ച് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ് നന്ദിയും പറഞ്ഞു.
പ്രകടനത്തിന് അഡ്വ.പ്രകാശ് ബാബു, അഡ്വ.ഹരി, ബിജു ഏളക്കുഴി, കെ.പി.അരുണ്‍, എ.പി.ഹരീഷ്, വിജയ് റായ്, സി.സി.രതീഷ്, പി.ആര്‍.സുനില്‍, സി.അഖില്‍ പ്രേം, പ്രബീഷ് മാറാട്, ടി.വി.ശ്രീകുമാര്‍, പി.എ.റിതേഷ്, കെ.സി.ജിയേഷ്, പി.പി.അജേഷ്, റീനീഷ്, അഭിലാഷ് മാസ്റ്റര്‍, അഡ്വ.എന്‍.പി.ശിഖ എന്നിവര്‍ നേതൃത്വം നല്‍കി.
















