പടയൊരുക്കത്തിന്റെ സമാപന വേദി കടലെടുത്ത നിലയില്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്ര ഒടുവില്‍ പടമായി. നവംബര്‍ ഒന്നിന് കാസര്‍കോട് നിന്ന് ആരംഭിച്ച പടയൊരുക്കത്തിന് പ്രതീക്ഷിച്ച പോലെ കേരള രാഷ്‌ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കാനായില്ല. മാത്രമല്ല കൂടെ നടക്കാന്‍ അണികളും ശുഷ്‌കമായിരുന്നു.
അനന്തപുരിയില്‍ സമാപിക്കുമ്പോള്‍ പടയൊരുക്കം വീശിയടിക്കുന്ന കൊടുങ്കാറ്റായി മാറുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് സാമൂഹ്യമാധ്യമങ്ങള്‍ പറയുന്നത്. പടയൊരുക്കം തുടങ്ങിയതും അവസാനിച്ചതും മാത്രം ജനങ്ങള്‍ അറിഞ്ഞു. അതും കനത്ത മഴയും ചുഴലിക്കാറ്റും കാരണം സമാപനം മാറ്റിവച്ചതുകൊണ്ടു മാത്രവും. രമേശിനെ കളിയാക്കാനാണെങ്കിലും ഇങ്ങനെ ഒരു യാത്ര ജനം അറിഞ്ഞത് സാമൂഹ്യമാധ്യമങ്ങളിലെ ട്രോളുകളിലൂടെയാണ്. വളരെ സീരിയസായി ആരംഭിച്ച യാത്ര കോമഡിയായി അവസാനിച്ചു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് പടയൊരുക്കത്തിന്റെ സമാപന സമ്മേളനം മാറ്റിവയ്‌ക്കുകയായിരുന്നു. സമാപനത്തിനായി ഒരുക്കിയ ശംഖുംമുഖത്തെ വേദി പൂര്‍ണമായി കടല്‍ കയറിയ നിലയിലാണ്. ശരിക്കും കടലമ്മ അനുഗ്രഹിച്ചെന്നാണ് യുഡിഎഫ് നേതാക്കള്‍ അടക്കം പറയുന്നത്. യാത്രയിലുടനീളം ലഭിച്ച തണുത്ത പ്രതികരണം മൂലം എങ്ങനെ ആളെ കൂട്ടാനാകുമെന്ന് ചിന്തിക്കുമ്പോഴാണ് ഓഖി ചുഴലിക്കാറ്റ് രക്ഷകനായി എത്തിയത്.
യാത്രയുടെ തുടക്കം മുതല്‍ ഗ്രൂപ്പുകളുടെ വിഭാഗീയത പ്രകടമായിരുന്നു. യാത്രയുടെ ക്യാപ്റ്റന്‍ ചെന്നിത്തലയാണെങ്കിലും മലപ്പുറത്തും കോട്ടയത്തും ജാഥ എത്തിയപ്പോള്‍ ക്യാപ്റ്റന്റെ തൊപ്പി ബലമായി മറ്റാരൊക്കെയോ തട്ടിപ്പറിക്കുന്ന കാഴ്ചയാണ് കാണാനായത്. മറ്റു ജില്ലകളില്‍ പ്രാദേശിക നേതാക്കളോട് മല്ലിട്ട് ക്യാപ്റ്റന്‍ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ചെന്നിത്തലയുടെ ദാരുണ ചിത്രവും പ്രകടമായിരുന്നു.
സമാപനം മാറ്റിവച്ചു എന്നല്ലാതെ എന്ന് നടത്തുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ സമയവും സൗകര്യവും അനുസരിച്ച് തീയതി നിശ്ചയിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചത്. യാത്രയിലൂടെ ഉണ്ടാക്കിയ ഓളം ചെറുതാണെങ്കിലും അവസാനിച്ചതിന് ശേഷം പ്രവര്‍ത്തകരെ എങ്ങനെ സംഘടിപ്പിക്കുമെന്ന ആശങ്കയും ജില്ലാ യുഡിഎഫ് നേതൃത്വത്തെ അലട്ടുന്നു.
















