തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത നാശനഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും ദുരിതത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. ഏജന്‍സികളെ ഏകോപിപ്പിക്കാനോ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ല. സൈനിക സഹായം തേടിയെങ്കില്‍ മാത്രമേ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാവുകയുള്ളൂ. എന്നാല്‍ ഈ സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിച്ച് നില്‍ക്കുകയാണ്.
കടലിന് ഉള്‍വശം പ്രക്ഷുബ്ധമാണെന്നും ഒരാള്‍ക്ക് മറ്റൊരാളെ കാണാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും രക്ഷപെട്ട് എത്തിയവര്‍ പറയുന്നു. തമിഴ്‌നാടിന്റെ കപ്പലാണ് തങ്ങളെ രക്ഷപ്പെടുത്തിയത്. കോസ്റ്റ് ഗാര്‍ഡിന്റെ വാഹനങ്ങള്‍ കണ്ടില്ലെന്നും ഇവര്‍ പറയുന്നു. രൂക്ഷമായ കാറ്റിനെയും തിരയെയും തുടര്‍ന്ന് വള്ളങ്ങള്‍ മറിഞ്ഞ് വീണുപോയി. അതിന് മുകളില്‍ പിടിച്ച്കിടന്നതിനാലാണ്തങ്ങള് രക്ഷപ്പെട്ടത്. തിരിഞ്ഞു നോക്കാനോ മറ്റോ സാധിക്കാത്തത്ര പ്രക്ഷുബ്ധമാണ് കടലെന്നും രക്ഷപ്പെട്ട് എത്തിയവര്‍ പറയുന്നു.
ഹെലികോപ്റ്ററില്‍ നിരീക്ഷിച്ച് ആളുകളെ കണ്ടെത്തിയാല്‍ മത്രമേ കപ്പലുകള്‍ക്ക് രക്ഷപ്പെടുത്താന്‍ സാധിക്കൂ. അല്ലാതെ കടലില്‍ പോയവരെ കണ്ടെത്താനാകില്ലെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സൈനിക സഹായം ലഭ്യമാക്കിയാല്‍ മാത്രമേ കടലില്‍ കുടുങ്ങിയവരെ കരയ്‌ക്ക് എത്തിക്കാന്‍ സാധിക്കൂ. വ്യോമസേനയുടെ നിരീക്ഷണ ഹെലികോപ്റ്ററുകളാണ് അറബിക്കടലില്‍ ബോട്ടുകള്‍ കണ്ടെത്തിയത്. കേസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പലുകള്‍ ഇവിടേക്ക് തിരിച്ചിട്ടുണ്ട്.
ഉള്‍ക്കടലില്‍ കുടുങ്ങിയ 60 മത്സ്യത്തൊഴിലാളികളെ സമീപത്ത് കൂടി പോയ ജപ്പാന്‍ ചരക്കുകപ്പല്‍ രക്ഷിക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ വിഴിഞ്ഞം തീരത്ത് എത്തിക്കുമെന്നാണ് വിവരം. 16 മത്സ്യത്തൊഴിലാളികളെ നാവികസേനയുടെ തെരച്ചില്‍ സംഘം രക്ഷപ്പെടുത്തി വിഴിഞ്ഞം തീരത്തെത്തിച്ചു. ഇവര്‍ എവിടെ നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. മൊത്തത്തില്‍ 85 പേരെ വിവിധ തെരച്ചില്‍ സംഘങ്ങള്‍ രക്ഷപ്പെടുത്തി തീരത്തെത്തിച്ചിട്ടുണ്ട്.
അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 80-100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ നാലുമീറ്റര്‍ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
















