കൊച്ചി: ഓഖി ചുഴലിക്കാറ്റ് മൂലം ഉണ്ടായ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാനാവാതെ സര്‍ക്കാര്‍. കടലില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമ്പോഴും കേരളത്തിലെ കടല്‍ തീരങ്ങള്‍ ആശങ്കയിലാണ്.
കടലില്‍ കാണാതയത് 71 പേരെയാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍ വിവിധ ജില്ലകളിലെ തുറകളില്‍ നിന്നും നൂറു കണക്കിന് പേര്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കടപ്പുറത്തുള്ളവര്‍ നല്‍കുന്ന വിവരം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കടല്‍ പ്രക്ഷുബ്ദമായിരിക്കുന്നത്. കൊടുങ്ങല്ലൂരിലും കടല്‍ക്ഷോഭം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പൂന്തുറയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ 150 പേരാണ് ഇനിയും തിരിച്ചെത്താനുള്ളത്. കൊച്ചിയില്‍ നിന്നുമാത്രം 213 വള്ളങ്ങളില്‍ 2000ല്‍ ഏറെപേര്‍ വിദൂര മത്സബന്ധനത്തിന് പോയിട്ടുണ്ട്. ഇവരില്‍ ഏറെപ്പേരും തിരിച്ചെത്തിയിട്ടില്ല. ഓഖിയുടെ ആഘാതത്തില്‍ എറണാകുളം ചെല്ലാനം കടപ്പുറത്തും ശക്തമായ കടലാക്രമണം അനുഭവപ്പെടുന്നുണ്ട്. കടല്‍ കരയിലേക്ക് ആഞ്ഞടിച്ചതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. ഏതാനും വീടുകള്‍ ഭാഗിമായി നശിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണമായതിനാല്‍ നാട്ടുകാര്‍ക്ക് മുന്‍കരുതല്‍ എടുക്കാനും കഴിഞ്ഞിരുന്നില്ല.
പല വീടുകളിലും വെള്ളം കയറിയതോടെ ഗൃഹോപകരണങ്ങളും നശിച്ചു. അറുപതിലേറെ വീടുകള്‍ വെള്ളത്തിനടിയിലായെന്നാണ് പ്രാഥമിക കണക്ക്. എന്നാല്‍ നേവി, എയര്‍ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ് എന്നീ വിഭാഗങ്ങളെയെല്ലാം ഏകോപിപ്പിച്ച് സര്‍ക്കാര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
സ്വയമേവ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്നും മത്സ്യത്തൊഴിലാളികളും ജനങ്ങളും സര്‍ക്കാരിനെ വിശ്വസിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
രക്ഷാപ്രവര്‍ത്തനം നടത്തുന്ന കപ്പലുകളില്‍ കയറാന്‍ തൊഴിലാളികള്‍ തയാറാകാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. തങ്ങളുടെ ബോട്ടുകള്‍ വിട്ട് വരാന്‍ ഇവര്‍ തയാറല്ല. ബോട്ടുകളും കൂടി കരക്കെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഭക്ഷണവും വെള്ളവും എത്തിച്ചുതന്നാല്‍ മതി എന്ന അഭ്യര്‍ഥന മാനിച്ച് ഇതിനുവേണ്ട സൗകര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.
















