ജോസഫ് മേലുക്കുന്നേല്‍ പത്രങ്ങളില്‍ നല്‍കിയ പരസ്യവും വാര്‍ത്തയും
കണ്ണൂര്‍: സ്വന്തം ചരമ പരസ്യവും വാര്‍ത്തയും പത്രങ്ങളില്‍ നല്‍കിയ 75 വയസ്സുകാരന്‍ അപ്രത്യക്ഷനായി. തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശിയായ ജോസഫ് മേലുക്കുന്നേലാണ് പ്രമുഖ പത്രങ്ങളില്‍ ചരമ പരസ്യം നല്‍കിയശേഷം അപ്രത്യക്ഷനായത്.
സ്വന്തം പേരിലുളള അനുശോചനക്കുറിപ്പും ഫോട്ടോയും മൂന്നു കോളം ഇരുപത്തിയഞ്ച് സെന്റീമീറ്റര്‍ വലുപ്പത്തിലാണ് പത്രങ്ങളില്‍ നല്‍കിയത്. ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരമക്കളുടെയും പേരും ഉള്‍പ്പെടെ ജനനവും ജീവിതവും കുടുംബപശ്ചാത്തലവും വിവരിക്കുന്ന പരസ്യമാണ് ഉള്‍പ്പേജില്‍ കളര്‍ പരസ്യമായി നല്‍കിയത്. ചരമകോളത്തില്‍ സ്വന്തം ചരമവാര്‍ത്തയും നല്‍കിയിട്ടുണ്ട്.
ഇന്നലെ പുറത്തിറങ്ങിയ മാതൃഭൂമി, മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളിലാണ് ലക്ഷങ്ങളുടെ പരസ്യം നല്‍കിയത്. ഇദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നുവെന്ന് പറയപ്പെടുന്നു. സ്വന്തമായി തയ്യാറാക്കിയ പരസ്യം പയ്യന്നൂര്‍ മാതൃഭൂമി ബ്യൂറോയിലാണ് നേരിട്ട് ഏല്‍പ്പിച്ചത്. ഇവിടെവെച്ചുതന്നെ മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളിലും നല്‍കണമെന്ന് ആവശ്യപ്പെടുകയും പണമടയ്‌ക്കുകയും ചെയ്തു. പിന്നീട് ഇദ്ദേഹത്തെ കാണാതായി.
പത്രത്തില്‍ പരസ്യം വന്നതോടെ ഞെട്ടിയ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്. കാണാതായ ജോസഫിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇയാള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. വിവാഹ ആവശ്യത്തിന് എത്തിയതാണെന്ന് പറഞ്ഞ് കോട്ടയത്തെ അഡ്രസ്സാണ് ലോഡ്ജില്‍ നില്‍കിയിരുന്നത്. തന്റെ ഒരു ബന്ധുവാണ് ജോസഫ് മേലുക്കുന്നേല്‍ എന്ന് പറഞ്ഞാണ് പരസ്യവും ചരമവാര്‍ത്തയും നല്‍കിയത്.
പരസ്യത്തില്‍ 1943 ല്‍ ജനിച്ചതു മുതല്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. സകലതിനും പൊരുളേ നീ കാത്തരുളീടേണമേ എന്നും എഴുതി ചേര്‍ത്തിട്ടുണ്ട്. സംസ്‌കാരം തിരുവനന്തപുരത്തെ മകന്‍ ഷിജു ജോസഫിന്റെ വസതിയില്‍ വെളളിയാഴ്ച നടക്കുമെന്നും വാര്‍ത്തയിലും പരസ്യത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. പത്രങ്ങളില്‍ വാര്‍ത്തയും ഫോട്ടോയും വന്നതോടെ ഇയാള്‍ ലോഡ്ജില്‍ നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു.
ബന്ധു മരിച്ചുവെന്ന് പറഞ്ഞ് ലോഡ്ജില്‍ നിന്ന് പോവുകയായിരുന്നുവത്രെ. ചരമ വാര്‍ത്തയും പരസ്യവും മുന്‍കൂട്ടി തയ്യാറാക്കി ജീവനൊടുക്കാനുളള പദ്ധതിയാണോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പോലീസ് പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി.
















