ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയതയിലും വ്യക്തിപൂജയിലും മനംമടുത്ത് മുതിര്‍ന്ന നേതാവ് ടി.കെ. പളനി പാര്‍ട്ടി വിട്ടു. മുഹമ്മയിലെ പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തില്‍ വി.എസ്. അച്യുതാനന്ദനെതിരെ ഗുരുതര ആരോപണങ്ങള്‍ പരസ്യമായി ഉയര്‍ത്തിയ പളനി പാര്‍ട്ടിയിലെ പല നേതാക്കളുടെയും കണ്ണിലെ കരടായിരുന്നു.
സിപിഐയില്‍ ചേരുമെന്ന് മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ പളനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പാര്‍ട്ടിയില്‍ ഇല്ലാതായി. ആശ്രിതത്വമാണ് സിപിഎമ്മിന് വേണ്ടത്. അതിന് നില്‍ക്കാത്തവര്‍ക്ക് അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. തന്നെപ്പോലെ ഒട്ടേറെപ്പേര്‍ സിപിഎം നേതൃത്വത്തിന്റെ നടപടിയില്‍ അതൃപ്തരാണെന്നും പളനി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം പളനിയുടെ വീട്ടിലെത്തി അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ അച്യുതാനന്ദന് പങ്കുണ്ടെന്ന് പളനി നേരത്തെ ആരോപിച്ചിരുന്നു. പളനിയുടെ ആരോപണങ്ങളെ സിപിഎം പിന്നീട് തിരുത്തി.
1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വിഎസ് തോറ്റതില്‍ പളനിക്കു പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. വിഎസ് മാരാരിക്കുളത്തുനിന്നു മത്സരിച്ചപ്പോള്‍ അന്ന് ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന പളനിക്കും അന്തരിച്ച സി.കെ. ഭാസ്‌കരനുമായിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ മുഖ്യചുമതല. ജയിച്ചാല്‍ വിഎസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പി.ജെ. ഫ്രാന്‍സിസിനോട് അപ്രതീക്ഷിതമായി 1,965വോട്ടുകള്‍ക്ക് തോറ്റു.
ഇതോടെ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിരുന്ന പളനി പാര്‍ട്ടി നടപടിക്കു വിധേയനായി. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ലോക്കല്‍ കമ്മറ്റിയിലേക്കാണ് തരംതാഴത്തിയത്. പിന്നീട് സിപിഎം നേതാവ് സി.എസ്. സുജാതയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വീഴ്ചയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പത്തുവര്‍ഷത്തോളം പാര്‍ട്ടിക്കു പുറത്തു നിന്ന പളനി ഏതാനും വര്‍ഷം മുമ്പാണ് മടങ്ങിയെത്തിയത്.
കഴിഞ്ഞ സമ്മേളനത്തിന് ശേഷം ഏരിയ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രണ്ടു പതിറ്റാണ്ടോളമായി വിഎസ് പക്ഷത്തിന്റെ കണ്ണിലെ കരടായിരുന്ന പളനിയെ പിന്നീട് പിണറായി പക്ഷവും കൈവിട്ടു. അടുത്ത കാലത്ത് തോമസ് ഐസക് പക്ഷത്തായിരുന്നു അദ്ദേഹം. പളനി സിപിഐയില്‍ പോയെങ്കില്‍ അത് അവര്‍ അനുഭവിച്ചോളുമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പ്രതികരണം.
















