കോഴിക്കോട്: ശാസ്ത്രകൗതുക ചെപ്പ് തുറന്ന് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തുടക്കം. കൊച്ചു ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങള്‍ ഇന്നു മുതല്‍ കേരളത്തിന് സ്വന്തം. 217 ഇനങ്ങളിലായി 6802 വിദ്യാര്‍ത്ഥികളാണ് ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുന്നത്.
നടക്കാവ് ഗവ.ഗേള്‍സ് എച്ച്എസ്എസ്സില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് ശാസ്‌ത്രോത്സവത്തിന് തുടക്കമായത്. യുപി വിഭാഗം ക്വിസ് മത്സരവും ഹൈസ്‌കൂള്‍ വിഭാഗം ടാലന്റ് എക്‌സാമിനേഷന്‍ മത്സരവും കരിയര്‍ ഫെസ്റ്റുമാണ് ഇന്നലെ നടന്നത്.
ശാസ്‌ത്രോത്സവത്തിന്റെ എട്ടു വേദികളും ഇന്ന് സജീവമാകും. രാവിലെ 10ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന സമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും. എ. പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 26ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിക്കും.
















