ചെറുപുഴ: ചൂരപ്പടവ് കൊട്ടത്തലച്ചി മലയില്‍ തീ പിടുത്തം. കൊട്ടത്തലച്ചി മലമുകളിലെ ദേവാലയത്തിന് സമീപത്താണ് തീപിടുത്തമുണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. ഈ പ്രദേശത്ത് ജനവാസമില്ലാത്തതിനാല്‍ തീപിടിത്തമെപ്പോഴാണ് ഉണ്ടായതെന്ന് മനസിലായിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പെരിങ്ങോത്തു നിന്നും ഫയര്‍ ഫോഴ്‌സ് മലയുടെ താഴെവരെയെത്തി. എന്നാല്‍ തുടര്‍ന്ന് പോകാന്‍ കഴിയാത്തതിനാല്‍ വാഹനം അടിവാരത്തില്‍ വെച്ചതിനു ശേഷം ജീപ്പില്‍ മലമുകളിലേയ്‌ക്ക് പോയി. വര്‍ഷങ്ങള്‍ക്കു മുന്‍പും മലയുടെ ആനക്കുഴി ഭാഗത്ത് തീ പിടിച്ചിരുന്നു. കാട്ടു തീ പിടിക്കാനുള്ള സമയമായിട്ടില്ലെന്നും എവിടെയും പച്ചപ്പുല്ലുകളാണുള്ളതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. നായാട്ടുകാര്‍ ആരെങ്കിലും തീയിട്ടതാണോയെന്ന സംശയത്തിലാണ്. മലമുകളില്‍ നിന്നും പുക ഉയരുന്നത് മാത്രമാണ് ദൂരെ നിന്നും കാണാന്‍ കഴിയുന്നത്.
















