കുമളി: തേക്കടി ആനവച്ചാലിലെ പാര്‍ക്കിങ് വിഷയത്തിലും സിപിഐക്കെതിരെ സിപിഎം രംഗത്ത്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് ഇതുമായി ബന്ധപ്പെട്ട് പ്രാദേശികം പേജില്‍ സിപിഐക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
പാര്‍ക്കിങ് ഗ്രൗണ്ട് വിഷയത്തില്‍ വനം, റവന്യൂ വകുപ്പുകള്‍ ഹരിത ട്രിബ്യൂണല്‍ മുന്‍പാകെ നല്‍കിയ മറുപടി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് തിരിച്ചടിയാകുമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ജലനിരപ്പ് 152 അടിയെത്തിയാല്‍ കുമളി ടൗണിലടക്കം വെള്ളം കയറുമെന്നാണ് കേരളത്തിന്റെ മുന്‍നിലപാട്. എന്നാല്‍ ട്രിബ്യൂണലിന് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ 154 അടി വെള്ളമെത്തിയാലും ആനവച്ചാലില്‍ വെള്ളം കയറുകയില്ല എന്ന നിലപാടാണ് എടുത്തിരിക്കുന്നത്. ഇതാണ് തിരിച്ചടിയാകുമെന്ന് ലേഖകന്‍ പറഞ്ഞ് വയ്‌ക്കുന്നത്.
ജില്ലയിലെ വിവിധ ഭൂമി വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത.് ഇത് തന്നെയാണ് തേക്കടിയിലെ പാര്‍ക്കിങ് ഗ്രൗണ്ട് വഴി മുല്ലപ്പെരിയാറിലും പ്രതിഫലിക്കുന്നത്. ഒരു വശത്ത് തകര്‍ച്ചയിലായ തേക്കടിയിലെ വിനോദസഞ്ചാരത്തെ രക്ഷിക്കുമെന്ന് പറയുമ്പോഴും, പുരോഗമനത്തിന് സഹായകമാകുന്ന നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നത്. നിരവധി നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് തേക്കടി ആനവാച്ചാലിലെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായി തമിഴ്‌നാടിനെതിരെ വിധി നേടുവാന്‍ കേരളത്തിന് സാധിച്ചത്.
ചതുപ്പ് നിലം മണ്ണ് നികത്തി ഉയര്‍ത്തിയാല്‍ മാത്രമേ ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുകയുള്ളു. വിധി അനുകൂലമായതോടെ മണ്ണ് നിറയ്‌ക്കുവാന്‍ തങ്ങളുടെ ആളുകള്‍ക്ക് തൊഴിലവസരം നല്‍കണമെന്ന്് ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തിയതോടെ നിലവില്‍ പണി അവതാളത്തിലായിരിക്കുകയാണ്.
















