തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം ഒപ്പുവച്ചു. ഓർഡിനൻസിൽ ഗവർണർ സർക്കാരിനോട് വിശദീകരണമാവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സർക്കാർ നിയമ സെക്രട്ടറി വഴി മറുപടി നൽകിയിരുന്നു.
കെടുകാര്യസ്ഥത, ഫണ്ട് വിനയോഗത്തിലെ അപാകത, അനാസ്ഥ തുടങ്ങിയ കാരണങ്ങളാലാണ് നിലവിലുള്ളവരെ മാറ്റിയതെന്നായിരുന്നു സർക്കാർ ഗവണറെ ധരിപ്പിച്ചത്. ശബരിമല തീർഥാടനത്തെ മാറ്റം ബാധിക്കുമോയെന്ന ഗവർണറുടെ ചോദ്യത്തിന്, ഒരുക്കങ്ങൾ പൂർത്തിയായെന്നും സർക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത്.
1950ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്ത്, ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളുമായാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. നിയമസഭ ചേരാത്തപ്പോള്‍ അടിയന്തര പ്രാധാന്യമുള്ള ഘട്ടങ്ങളിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഇത്തരത്തിലുള്ള എന്ത് അടിയന്തര പ്രാധാന്യമാണ് ഓര്‍ഡിനന്‍സിനുള്ളതെന്ന് കൃത്യമായി വ്യക്തമാക്കണം, ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
















