തൊടുപുഴ: രണ്ട് പതിറ്റാണ്ടിനിടെ കൊട്ടാക്കമ്പൂര്‍ ഉള്‍പ്പെടുന്ന അഞ്ചുനാട് വില്ലേജുകളിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് വെട്ടിക്കടത്തിയത് 3500 കോടിയുടെ ഗ്രാന്റീസ് മരങ്ങള്‍. കൊട്ടാക്കമ്പൂര്‍, വട്ടവട, മറയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍ എന്നീ വില്ലേജുകളിലെ സര്‍ക്കാര്‍ ഭൂമി കൈയേറി ഭൂമാഫിയ ഗ്രാന്റീസ് കൃഷി നടത്തി, ഇവ വെട്ടി വിറ്റാണ് കോടികള്‍ സമ്പാദിച്ചത്. അഞ്ചുനാട് വില്ലേജുകളിലെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ലാന്‍ഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ.ഡി. സജിത് ബാബു നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 2010 ഏപ്രില്‍ ആറിനാണ് അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സജിത് ബാബുവിനെ അന്വേഷണത്തിന് നിയോഗിച്ചത്.
റിപ്പോര്‍ട്ടിലെ 16-ാം പേജില്‍ ‘ഗ്രാന്റീസിന്റെ സാമ്പത്തിക ശാസ്ത്രം’ എന്ന ഭാഗത്ത് സര്‍ക്കാര്‍ ഭൂമിയിലെ കൊള്ള വ്യക്തമാക്കുന്നു. വില്ലേജ് ഉദ്യോഗസ്ഥര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ഊരുമൂപ്പന്മാര്‍, വാഹന ഉടമകള്‍, ഇടനിലക്കാര്‍ എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അഞ്ചുനാട് വില്ലേജുകളിലെ 20,000 ഏക്കര്‍ ഭൂമിയിലെ കണക്ക് അടിസ്ഥാനമാക്കി പരിശോധന നടത്തിയപ്പോഴാണ് 3500 കോടി എന്ന കണക്കിലേക്ക് എത്തിയത്. റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: ഗ്രാന്റീസ് പൂര്‍ണ വളര്‍ച്ചയെത്താന്‍ ആറ് മുതല്‍ എട്ട് വര്‍ഷം വരെ വേണം. ഒരേക്കറില്‍ നിന്ന് 150 മുതല്‍ 200 ടണ്‍വരെ പൂര്‍ണ വളര്‍ച്ചയെത്തിയ ഗ്രാന്റീസ് ലഭിക്കും.
ഒരു ടണ്‍ ഗ്രാന്റീസിന്റെ കമ്പോള വില (റിപ്പോര്‍ട്ട് തയ്യാറാക്കിയ സമയത്തെ) 8,000 മുതല്‍ 12,000 വരെ. ഒരേക്കറില്‍ നിന്നും കയ്യേറ്റക്കാരന് ലഭിക്കുന്ന ശരാശരി തുക 17,50,000 രൂപ. ഇപ്രകാരം 20,000 ഏക്കറില്‍ നിന്നും ലഭിക്കുന്ന തുക 3500 കോടി.
റിപ്പോര്‍ട്ട് പ്രകാരം ജോയ്‌സ് ജോര്‍ജും ബന്ധുക്കളും കൊട്ടാക്കമ്പൂരില്‍ കയ്യേറിയ 32 ഏക്കര്‍ ഭൂമിയില്‍ നിന്ന് 5600 ടണ്‍ ഗ്രാന്റീസ് ലഭിച്ചിട്ടുണ്ടാകണം.
ഒരുടണ്ണിന് 10,000 വില വച്ച് കണക്ക് കൂട്ടിയാല്‍ അഞ്ച് കോടി അറുപത് ലക്ഷം രൂപയുടെ ഇടപാട് നടന്നിരിക്കണം. ഇപ്പോള്‍ അഞ്ചുനാട് വില്ലേജുകളിലെ കാല്‍ലക്ഷത്തോളം ഏക്കറില്‍ വെട്ടാന്‍ പാകമായ ഗ്രാന്റീസ് ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
















