കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സംസ്ഥാന സമിതിയിലുയര്‍ന്ന വിമര്‍ശനത്തിലൂടെ പുറത്തായത് നേതാക്കള്‍ക്കിടയില്‍ ജയരാജനോടുള്ള അതൃപ്തി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കം ഒരൊറ്റ നേതാവിനെയും കണക്കിലെടുക്കാതെ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയായിരുന്നു ജയരാജന്‍.
സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ചുമതലയുമുളള എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന അവസരത്തില്‍ ഇത്തരം നീക്കമുണ്ടായത് മൂന്നാമതും ജില്ലാ സെക്രട്ടറിയാകുകയെന്ന ജയരാജന്റെ ലക്ഷ്യം അട്ടിമറിക്കാനാണ്.
ജയരാജന്റെ പ്രവൃത്തികള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയിരുന്നു. എം.വി.ജയരാജന്‍, ഇ.പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍, എം.പ്രകാശന്‍, പി.കെ.ശ്രീമതി എംപി തുടങ്ങിയവരെല്ലാം അതൃപ്തിയുളളവരായിരുന്നു. കോഴിക്കോട് നിന്നും തെക്കന്‍ ജില്ലകളില്‍ നിന്നുമുളള നേതാക്കളും ജയരാജന്റെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തരായിരുന്നു.
ശ്രീകൃഷ്ണജയന്തി പാര്‍ട്ടി നേതൃത്വത്തില്‍ നടത്തിയതും മറ്റ് പാര്‍ട്ടികളില്‍ നിന്നും വന്നവര്‍ക്ക് അമിതപ്രാധാന്യം നല്‍കിയതും ചര്‍ച്ചയായിരുന്നു. പോലീസില്‍ സ്വാധീനം ചെലുത്തി ജയരാജന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും പ്രതിഷേധമുണ്ടായിരുന്നു. ഇ.പി.ജയരാജനെ മന്ത്രിസ്ഥാനത്തു നിന്നും രാജിവെയ്‌പ്പിക്കാന്‍ മുന്‍ കയ്യെടുത്തത് ജയരാജനാണ്. തിരിച്ച് മന്ത്രിസ്ഥാനത്തെത്തുന്നതിന് തടസ്സമായി നില്‍ക്കുന്നതും പി.ജയരാജന്‍ തന്നെ. സംസ്ഥാനസമിതിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ഇ.പി.ജയരാജനും പങ്കുണ്ട്.
















