കണ്ണൂര്‍: ബസ്സുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയണ്ടാകുന്ന അതിക്രമങ്ങളും മറ്റ് കാര്യങ്ങളും തടയുന്നതിനായി ജില്ലാ പോലീസ് ‘സ്പാരോ’ എന്ന പേരില്‍ ബസ് ബീറ്റ് ആരംഭിക്കുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 25 റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. ബസ്സുകളുടെ അമിത വേഗത, ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന മോശമായ പെരുമാറ്റം എന്നിവ കണ്ടുപിടിച്ച് നിയമ നടപടികള്‍ സ്വീകരിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 10.30ന് ജില്ലാ പോലീസ് സഭാഹാളില്‍ നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ റേഞ്ച് ഐഡി മഹിപാല്‍ യാദവ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ മുഖ്യപ്രഭാഷണവും ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം പദ്ധതി അവതരണവും നടത്തും.















