കണ്ണൂര്‍: ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി സൊസൈറ്റി കേരള ചാപ്റ്റര്‍ മീറ്റിംഗ് ആയ ‘ആര്‍ട്‌കോണ്‍ 2017’ നു കണ്ണൂരില്‍ തുടക്കം. കണ്ണൂര്‍ ഗൈനെക്കോളജി സൊസൈറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയുടെ ആദ്യ ദിവസം നടന്ന ഐവിഎഫ് ശില്‍പശാലയില്‍ കണ്ണൂരിലെയും സമീപ ജില്ലകളിലെയും 100 ഓളം ഗൈനെക്കോളജിസ്റ്റുകള്‍ പങ്കെടുത്തു. ഐവിഎവിഎഫ്, ഐസിഎഫ്‌ഐ, ലേസര്‍ സഹായത്തോടെ ഭ്രൂണം വിരിയിക്കാനുള്ള എല്‍എഎച്ച് പോലുള്ള അതിനൂതന ചികിത്സാസംവിധാനങ്ങളുടെ തത്സമയ സംപ്രേഷണം, കണ്ണൂര്‍ പ്രഭാത് ജംഗ്ഷനിലെ എആര്‍എംസി-ഐവിഎഫ് സെന്ററില്‍ നിന്നും നടന്നു. കേരളത്തിലെ പ്രശസ്ത ഭ്രൂണശാസ്ത്ര വിദഗ്ധരായ ഡോ.സുനില്‍, ഡോ.ഫെസീന, ഡോ.വിജീഷ്, ഡോ.തസ്‌നി എന്നിവര്‍ പങ്കെടുത്തു. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യസ്ഥിതിയെ വിലയിരുത്തുന്ന ഫീറ്റല്‍ മെഡിസിന്‍ ശില്‍പശാലയും ഇതോടൊപ്പം നടന്നു. ഇതില്‍ ഫീറ്റല്‍ മെഡിസിന്‍ വിദഗ്ദരായ ഡോ.സനീജ്, ഡോ. ഷെഫി, ഡോ.സിനീഷ്, ഡോ.ജ്യോതി എന്നിവര്‍ പങ്കെടുത്തു. രണ്ടാം ദിവസം പ്രശസ്തരായ വന്ധ്യതാചികിത്സ വിദഗ്ധര്‍ അവരുടെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
















