ന്യൂദല്‍ഹി : എല്ലാ സ്പര്‍ശനത്തെയും ലൈംഗീക പീഡനമായി കാണാന്‍ കഴിയില്ലെന്ന് ദല്‍ഹി ഹൈക്കോടതി. യാദൃശ്ചികമായി സംഭവിക്കുന്ന സ്പര്‍ശനം ലൈംഗീക ഉദ്ദേശ്യത്തോടെ ഉള്ളതെന്ന് കരുതാനാകില്ലെന്ന് ജസ്റ്റിസ് വിഭു ബഖറു നീരിക്ഷിച്ചു.
ലൈംഗിക താത്പര്യത്തോടെ നടത്തുന്ന സ്പര്‍ശനങ്ങളും സമീപനങ്ങളും ലൈംഗികാതിക്രമം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ആകസ്മികമായുള്ള സ്പര്‍ശനങ്ങള്‍ ലൈംഗികാതിക്രമമായി കാണാനാവില്ലെന്ന് ഹൈക്കോടതി വിധി ന്യായത്തില്‍ പറയുന്നു. ഹര്‍ജിക്കാരിയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ സി.എസ്.ഐ.ആര്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
2005ലാണ്‌കേസിനാസ്പദമായ സംഭവം നടന്നത്. സി.എസ്.ഐ.ആര്‍ ലാബില്‍ ജോലിയിലായിരുന്ന പരാതിക്കാരിയുടെ കൈയില്‍ നിന്ന് സഹപ്രവര്‍ത്തകന്‍ കെമിക്കല്‍ സാമ്ബിള്‍ തട്ടിയെടുക്കുകയും പിടിച്ച് തള്ളുകയുമായിരുന്നെന്നും ഇത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ പെടുത്തണമെന്നുമായിരുന്നു യുവതിയുടെ പരാതി.
ജീവനക്കാരനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സി.എസ്.ഐ.ആര്‍ പരാതി പരിഹാര അതോറിറ്റിയെ യുവതി സമീപിച്ചെങ്കിലും നടപടി എടുക്കാന്‍ അതോറിറ്റി തയ്യാറായില്ല. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയില്‍ എത്തിയത്. സി.എസ്.ഐ.ആര്‍ പരാതി പരിഹാര അതോറിറ്റിയുടെ അധികാര പരിധിയെ ചോദ്യം ചെയ്തും യുവതി കോടതിയെ സമീപിച്ചെങ്കിലും കോടതി അതും നിരസിക്കുകയായിരുന്നു.
















