ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍/ ശ്യാംകൃഷ്ണ
മലയാളത്തിലെ ഏറ്റവും പുതിയ എഴുത്തുകാരില്‍ ആര്‍ക്കെങ്കിലും ആത്മാനുഭൂതിയുമായി ഇഴചേര്‍ന്നുനിന്നുള്ള നവീനരചനകള്‍ക്ക് സാധിക്കുമോ? സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരത്തില്‍ പെട്ടൊരു പുതിയകാലത്ത് എങ്ങനെയായിരിക്കണം അവര്‍ എഴുത്തിനെ അഭിമുഖീകരിക്കേണ്ടത്?
= തീര്‍ച്ചയായും സാധിക്കും. സാധിക്കുന്നവരുണ്ട്. ആത്മീയാനുഭൂതിയാണല്ലോ ഒരാളുടെ അത്യനര്‍ഘമായ മൂലധനം. ചിലര്‍ അതു പരസ്യമാക്കില്ല. വേറെ ചിലര്‍ അല്‍പ്പമാത്രം വെളിപ്പെടുത്തുന്നവരാകും. ഇതിനനുസരിച്ചാണ് അവരുടെ രചനകള്‍ പുറത്തുവരുന്നത്. ഈ വിധത്തില്‍ അടുത്തകാലത്തു വായിച്ച വിശിഷ്ടകൃതിയാണ് ‘കണ്ണുടയവള്ളലാറിന്‍ ജ്ഞാനഗീതം.’ ശ്യാംകൃഷ്ണയാണല്ലോ ഇതിന്റെ കര്‍ത്താവ്. അവതാരിക എഴുതാന്‍വേണ്ടി കാവ്യത്തിലൂടെ കടന്നുപോയ ഞാന്‍ വല്ലാതെ ആനന്ദിച്ചു. തമിഴകവേദാന്തമന്നനായ കണ്ണുടയവള്ളലാര്‍ രചിച്ച ‘ഒഴിവിലൊടുക്കം’ എന്ന ഉത്കൃഷ്ടകാവ്യത്തെ പുരസ്‌കരിച്ചെഴുതിയതാണല്ലോ അത്. ആത്മീയതയുടെ ശുദ്ധമണ്ഡലത്തില്‍ തങ്ങിനില്‍ക്കുന്ന ആളിനേ ‘ഒഴുവിലൊടുക്ക’ത്തെ ഇങ്ങനെ ഉപജീവിക്കാനാവൂ. ശ്രീരാമകൃഷ്ണപരമഹംസനെയും മഹര്‍ഷി അരവിന്ദനെയും ആത്മസാത്കരിച്ച മനസ്സിന് ഇങ്ങനെ ചെയ്യാന്‍ കഴിയുന്നതില്‍ അസ്വാഭാവികതയില്ല.
മാധ്യമങ്ങളുടെ അതിപ്രസരം ആത്മബോധത്തെ നിഷ്‌കാസനം ചെയ്യാന്‍ ഏറ്റവും സമര്‍ത്ഥമാണ്. പക്ഷേ ആത്മീയസാധനയില്‍ മുഴുകുന്നവര്‍ക്ക് ഇതും വെല്ലുവിളിയല്ല. അനുകൂലം എന്നുകൂടി പറയണം. അതാണ് സാധനയുടെ സ്വഭാവവും വൈശിഷ്ട്യവും. ‘ഒഴിവിലൊടുക്കം’ എന്നതു തന്നെ ഇതിനുള്ള മറുപടിയാണല്ലോ. ലോകഭോഗങ്ങളില്‍ നിന്നൊഴിഞ്ഞുമാറാതെ, ലോകത്തിന്റെ നടുവേ ചരിച്ചുകൊണ്ട്, അതില്‍ പറ്റിനിന്ന് രസം അനുഭവിക്കുന്ന മനസ്സിനെ വേര്‍പ്പെടുത്തി, ലക്ഷ്യത്തിലെത്തിക്കുകയാണ് പക്വശാലി ചെയ്യേണ്ടത്. അങ്ങനെയാവുമ്പോള്‍ അയാള്‍ക്ക് ഏതു കോലാഹലത്തിനിടയിലും ലക്ഷ്യം വരിക്കാന്‍ പ്രയാസമില്ല.
മാധ്യമലോകത്ത് ഇന്നു സംഭവിച്ചിരിക്കുന്ന അപചയത്തെയും ധര്‍മവ്യതിയാനത്തെയും അങ്ങെങ്ങനെ നോക്കിക്കാണുന്നു?
= കൗതുകത്തോടും ഉത്കണ്ഠയോടും കൂടി. യാഥാര്‍ത്ഥ്യത്തിന്റെ ദര്‍പ്പണമായിരിക്കുക എന്നതാണ് മാധ്യമധര്‍മം. പക്ഷേ അതൊക്കെ അവസാനിച്ചിരിക്കുന്നു. ഇന്ന് അസ്വസ്ഥതയും വിനാശവും വരുത്തിത്തീര്‍ക്കുന്ന ഉപാധിയോ ഒളിയിടമോ ആയി അവയില്‍ പലതും വിനിയോഗിക്കപ്പെടുന്നു. തീരെ അംഗീകരിക്കാനാവാത്ത അപചയമാണിത്. പ്രത്യേകാവകാശങ്ങള്‍ ഉണ്ടെന്ന മിഥ്യയില്‍ നടത്തുന്ന ഇത്തരം സാമൂഹികവിരുദ്ധ ചെയ്‌വനകളെ നിയമാനുസൃതം നിയന്ത്രിക്കേണ്ടതാണ്.
മലയാളസാഹിത്യം ആധുനികതയില്‍നിന്ന് അത്യന്താധുനികതയിലേക്കു കടന്ന പരിണാമസന്ധിയെക്കുറിച്ച് വിവരിക്കാമോ? നല്ലസാഹിത്യവും വ്യാജനിര്‍മിതികളും ഒന്നുപോലെ സൃഷ്ടിക്കപ്പെട്ടിരുന്ന ഒരു കാലമായിരുന്നല്ലോ അത്.
= 1960 കളോടെ മലയാളസാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ട നവീനതാപ്രസ്ഥാനം (Modernism) പ്രധാനമായും പാശ്ചാത്യമായ ജീവിതാവസ്ഥകളുടെയും അനുഭവങ്ങളുടെയും സ്വാധീനതയിലാണ് ആവിര്‍ഭവിച്ചത്. പാശ്ചാത്യലോകത്ത് അതിന് അനുകൂലമായ ധാരാളം ചരിത്രാനുഭവങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ അത്തരം അനുഭവങ്ങളുടെ തീക്ഷ്ണതയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പാശ്ചാത്യവിദ്യാഭ്യാസം പരമ്പരാഗത തൊഴിലുകള്‍ക്ക് പാതിത്യം കല്‍പ്പിച്ചതിന്റെ ഫലമായി അഭ്യസ്തവിദ്യര്‍ക്കൊക്കെയും വെള്ളക്കോളര്‍ ജോലി മാത്രമാണ് അഭികാമ്യമായ ഉപജീവനമാര്‍ഗം എന്ന വിശ്വാസം ദൃഢമായി. കൂട്ടുകുടുംബങ്ങള്‍ തകര്‍ന്നതോടുകൂടി വ്യക്തികള്‍ക്ക് അതുവരെ സ്വന്തമായിരുന്ന മേല്‍വിലാസം നഷ്ടപ്പെട്ടു. പുതിയ ഭൂനിയമം സമൂഹഘടനയെ കീഴ്‌മേല്‍ മറിച്ചു. കര്‍ഷകജന്മികള്‍ ദരിദ്രരായി. ജന്മിയും കുടിയാനുമല്ലാത്ത പുതിയൊരു മധ്യവര്‍ഗം സമ്പന്നരായി ഉയര്‍ന്നുവന്നു. കുടിയാന്റെ ദുരവസ്ഥ ഒട്ടും പരിഹരിക്കപ്പെട്ടില്ല. ഇതിനിടയിലാണ് അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ എന്ന പുതിയ വര്‍ഗം കേരളീയസമൂഹത്തില്‍ പിറവികൊണ്ടത്. അവര്‍ യുവാക്കളായിരുന്നു എന്ന കാര്യം എടുത്തുപറയണം. ഇതില്‍ കുറെപ്പേര്‍ തൊഴിലിനുവേണ്ടി ഇതരസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും ചെന്നെത്തി. നാട്ടില്‍ത്തന്നെ നിന്നവര്‍ രാഷ്‌ട്രീയപ്രവര്‍ത്തനം, തൊഴിലിനായുള്ള കാത്തിരിപ്പ് എന്നിങ്ങനെ ക്രിയാത്മകമല്ലാത്ത അനുഭവങ്ങളിലൂടെ കടന്നുപോയി. മനുഷ്യമോചനത്തിന്റെ വാഗ്ദത്തഭൂമി കാട്ടി പ്രലോഭിപ്പിച്ച രാഷ്‌ട്രീയ പ്രചാരണങ്ങള്‍ പാഴായിപ്പോകുന്ന അനുഭവവും വ്യാപകമായി. ഈ ചുറ്റുപാടിലാണ് കഥയിലും കവിതയിലും നോവലിലുമൊക്കെ അപൂര്‍വവും അപരിചിതവുമായ അനുഭവങ്ങളുടെ ആവിഷ്‌കരണവും, അസാധാരണമായ കഥാപാത്രങ്ങളുടെ അരങ്ങേറ്റവും ഉണ്ടായത്. ഇതായിരുന്നു മോഡേണിസം.
മൂന്നുദശകങ്ങള്‍ക്കു ശേഷം നമ്മുടെ സാഹിത്യാന്തരീക്ഷത്തില്‍ ദൃശ്യമായ ഭാവുകത്വവ്യതിയാനത്തെ ഒരു പ്രസ്ഥാനമെന്ന നിലയില്‍ പോസ്റ്റ് മോഡേണിസം-നവീനോത്തരത-എന്നു പറയുന്നു. നവീനതാപ്രസ്ഥാനത്തില്‍ പ്രകടമായിരുന്ന ദുരൂഹത, ദുര്‍ജ്ഞേയത, ദാര്‍ശനികതാഭിമുഖ്യം എന്നിങ്ങനെ വിമര്‍ശവിധേയമായ സവിശേഷതകള്‍ ഇതിനുണ്ടായിരുന്നില്ല. സാഹിത്യപരം എന്നതിനെക്കാള്‍ സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാലാണത്. അതൊന്നും വിസ്തരിക്കുന്നില്ല. എങ്കിലും ഒരുകാര്യം പറയാതിരിക്കാനാവില്ല. ഇത്തരം രചനകളുടെ പ്രധാനസവിശേഷത അതിന്റെ കനക്കുറവും മൗലികതയുടെ അഭാവവുമാണ്. അനുകരണത്തിന്റെയോ മിശ്രണത്തിന്റെയോ സംയോജിപ്പിക്കലിന്റെയോ തന്ത്രങ്ങള്‍ കൊണ്ടാണ് ഇന്നത്തെ കൃതികള്‍ പലതും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഗൗരവാവഹമായ ശ്രമങ്ങള്‍ക്കു വേണ്ട ക്ഷമയോ ശേഷിയോ ഇല്ലാത്ത പുതുതലമുറ, മാതൃഭാഷപോലും ശരിക്ക് അഭ്യസിക്കായ്‌കയാല്‍ ആശയവിനിമയശേഷി വേണ്ടത്ര കൈവരിച്ചിട്ടില്ലാത്തവര്‍, ക്ലാസിക്കുകള്‍ പോയിട്ട് മുന്‍തലമുറയുടെ ഈടുറ്റ രചനകള്‍ തന്നെ വേണ്ടവണ്ണം പരിചയിച്ചിട്ടില്ലാത്തവര്‍, രചനയുടെ അഭ്യാസബലം സ്വാംശീകരിച്ചിട്ടില്ലാത്തവര്‍. ഇവരെല്ലാം അടങ്ങുന്ന തലമുറ നിയന്ത്രിക്കുന്നതാണ് നവീനോത്തരസാഹിത്യത്തില്‍ അധികവും.
ഈ സന്ദര്‍ഭത്തെ തികച്ചും അനുകൂലമാക്കിത്തീര്‍ക്കാനും അതില്‍നിന്നു മുതലെടുപ്പു നടത്താനും ചില ഛിദ്രശക്തികള്‍ക്കു സാധിക്കുന്നു എന്നതാണ് ആത്യന്തികമായ ദുരന്തം. മതാധിപത്യമുള്‍പ്പെടെയുള്ള മൗലികവാദങ്ങള്‍, തീവ്രവാദ-വിധ്വംസക പരിപാടികള്‍ എന്നിവയൊക്കെ ഈ സാമൂഹികപശ്ചാത്തലത്തില്‍ രൂപപ്പെടുന്നു. കേരളത്തില്‍ അധികാരവും അധീശത്വവുമുള്ള രാഷ്‌ട്രീയകക്ഷികളുടെ മേല്‍വിലാസത്തില്‍ സുരക്ഷിതത്വം തേടിക്കൊണ്ട് മേന്മയുടെ നാട്യവുമായി സ്ഥാര്‍ത്ഥനിഗൂഢലക്ഷ്യങ്ങള്‍ കൈവരിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും സംഖ്യ ഏറിവരുന്നു.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ എഴുത്തുകാരെയും കൃതികളെയും കാണാനും വിലയിരുത്താനുമുള്ള ശ്രമങ്ങളും അടുത്ത കാലത്തായി വര്‍ദ്ധിക്കുന്നുണ്ട്. കുടുംബജീവിതത്തെ ശിഥിലമാക്കാന്‍ ആഹ്വാനം ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യം, മൗലികവാദം പ്രകടിപ്പിക്കുന്ന സ്വത്വവാദം പോലുള്ളവ ഉദാഹരണങ്ങളാണ്. പൈതൃകം, സംസ്‌കാരം എന്നിവയോട് വിദ്വേഷമോ വെറുപ്പോ പ്രകടിപ്പിക്കാത്തവരും അവയെ മാനിക്കുന്നവരുമായ എഴുത്തുകാരെയും വായനക്കാരെയും അധിക്ഷേപവാക്കുകള്‍ പ്രയോഗിച്ച് നിശ്ശബ്ദരാക്കാനുള്ള കുത്സിതശ്രമങ്ങളും സംഘടിതമായി നടത്തുന്നുണ്ട്. അവരെ പൊതുയിടങ്ങളില്‍നിന്ന് ഒഴിവാക്കുന്നു.
ഏറ്റവും പുതിയ എഴുത്തുകാരിലുള്ള പ്രതീക്ഷ?
= ആശാവഹമാണ്. കുറ്റാക്കുറ്റിരുട്ടിലും ഏകാന്തനക്ഷത്രങ്ങള്‍ ഉണ്ടായിരിക്കുമല്ലോ. ഇപ്പോള്‍ എഴുത്തുകാരുടെ ബാഹുല്യമാണ്. അതിജീവിക്കുന്നവര്‍ ആരൊക്കെ എന്ന് കാലം കാട്ടിത്തരും.
അറുപതില്‍ എത്തിനില്‍ക്കുന്ന ജീവിതത്തെ വെറുതെയൊന്ന് തിരിഞ്ഞുനോക്കിയാല്‍?
= തൃപ്തനാണ്. ചെയ്യേണ്ടത് ചെയ്തുകഴിഞ്ഞു. ഒന്നും ആകേണ്ടതുമില്ല. എങ്കിലും അവസാനംവരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ചെയ്തതിനെക്കാള്‍ നല്ലതുചെയ്യുക എന്ന ഉദ്ദേശ്യത്തോടെ.
ഭാവി പ്രോജക്ടുകള്‍?
= എഴുതിത്തുടങ്ങിയ ചില കൃതികളുണ്ട്. പി. കെ. പരമേശ്വരന്‍നായര്‍ സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥാവലിയുടെ എഡിറ്ററാണ്. ‘സാഹിത്യചരിത്രപ്രത്യവലോകനം’ എന്ന ഗ്രന്ഥപരമ്പര തുടങ്ങിക്കഴിഞ്ഞു. ‘തൊല്‍കാപിയ’ കാലം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള മലയാളസാഹിത്യത്തെ ഗവേഷണാത്മകമായി വിലയിരുത്തുന്ന ഉദ്യമം. മൂവായിരത്തോളം പേജില്‍ പൂര്‍ത്തിയാകുന്ന ബൃഹദ്ഗ്രന്ഥം.
വിധിവശാല്‍ ഇനിയൊരു ജന്മമുണ്ടെങ്കില്‍ ആരാകണം?
= പിന്നീടൊരു ജന്മം ഉണ്ടാകാത്തവണ്ണം ജീവിക്കാന്‍ പറ്റുന്ന വ്യക്തി.
കുടുംബം, ഭാര്യ, മക്കള്‍…
= ഭാര്യ കെ.എസ്. സിന്ധു, ബിഎസ്എന്‍എല്ലില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു. മകന്‍ വിഭു ഉണ്ണിക്കൃഷ്ണന്‍ ഐഎസ്ആര്‍ഓയില്‍ സയന്റിസ്റ്റ്/എഞ്ചിനീയറാണ്. അയാളുടെ ഭാര്യ ഡോ.ദുര്‍ഗ എസ് നായര്‍. മകള്‍ ഡോ. മഹിമ ഉണ്ണിക്കൃഷ്ണന്‍ അമേരിക്കയിലെ മിസ്സോറ്റയില്‍ എലാന്റസ് പിഡിജി എന്ന സ്ഥാപനത്തില്‍ കെമിസ്റ്റ് ആയി ജോലി ചെയ്യുന്നു. മരുമകന്‍ ഡോ. നിഖില്‍ ശ്രീകുമാറും അവിടെത്തന്നെ. കെന്‍ ലാബ്‌സ് ഇങ്ക് എന്ന സ്ഥാപനത്തില്‍ സിസ്റ്റം സയന്റിസ്റ്റാണ്.
(അവസാനിച്ചു)
















