ന്യൂദല്‍ഹി: അരക്കില്ലമൊരുക്കി പാണ്ഡവരെ അതിലിട്ട് ചുട്ടുകൊല്ലാന്‍ കൗരവര്‍ ശ്രമിച്ച സ്ഥലമെന്ന് കരുതുന്നിടത്ത് പുരാവസ്തു വകുപ്പ് ഉദ്ഖനനത്തിന് ഒരുങ്ങുന്നു. യുപിയിലെ ബാഗ്പത്തിലെ ബര്‍ണാവ ജില്ലയിലാണ് ഈ സ്ഥലം. പ്രാദേശിക ചരിത്രകാരന്മാര്‍ കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണിത്. ഇതുസംബന്ധിച്ച് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് രണ്ട് പുരാവസ്തു സ്ഥാപനങ്ങള്‍ക്കാണ് ഉദ്ഖനനത്തിന് അനുമതി നല്‍കിയത്.
ചെങ്കോട്ടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി, പുരാവസ്തു ഉദ്ഖനന വിഭാഗം എന്നിവയ്‌ക്കാണ് അനുമതിയെന്ന് വകുപ്പ് ഡയറക്ടര്‍ ജിതേന്ദര്‍ നാഥ് പറഞ്ഞു. ഡിസംബര്‍ ആദ്യവാരം ഉദ്ഖനനം തുടങ്ങും. മൂന്നു മാസം നീളും.
ദുര്യോധനന്റെ നിര്‍ദ്ദേശ പ്രകാരം പാണ്ഡവരെ താമസിപ്പിക്കാന്‍ കൗരവര്‍ അരക്കില്ലം നിര്‍മ്മിച്ചു. അവരെ ക്ഷണിച്ചുവരുത്തി അവിടെ താമസിപ്പിച്ചു.
അരക്കിന്റെ മണവും ചതിയും മനസിലാക്കിയ പാണ്ഡവര്‍ ഭിക്ഷ യാചിച്ചുവന്ന കാട്ടാള കുടുംബത്തെ രാത്രി അവിടെ താമസിപ്പിക്കുകയും രാത്രിയില്‍ അരക്കില്ലത്തിന് തീയിട്ട സമയത്ത് തങ്ങള്‍ നിര്‍മ്മിച്ച തുരങ്കം വഴി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് മഹാഭാരതത്തില്‍ പറയുന്നത്. തീയില്‍ മരണമടഞ്ഞ കാട്ടാള കുടുംബം പാണ്ഡവരാണെന്നാണ് കൗരവര്‍ കരുതിയത്.
അരക്കില്ലം നിര്‍മ്മിച്ചതെന്ന് കരുതുന്ന സ്ഥലത്ത് തുരങ്കമുണ്ട്. ഇത് പണ്ഡവര്‍ നിര്‍മ്മിച്ചതാണെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്.
















