ന്യൂദല്‍ഹി: ഇറാനില്‍ നിന്ന് പൈപ്പു വഴി വന്‍തോതില്‍ പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനുള്ള ബൃഹദ് പദ്ധതി ഇന്ത്യ തയ്യാറാക്കി. ഇതിനു വേണ്ട പടുകൂറ്റന്‍ പൈപ്പുകള്‍ ഇടാന്‍ റഷ്യ ഇന്ത്യയെ സഹായിക്കും. പദ്ധതിക്കുവേണ്ട സഹായം നല്‍കാന്‍ റഷ്യയും ഇറാനും ഉടന്‍ കരാറില്‍ ഒപ്പിടുമെന്ന് റഷ്യന്‍ ഉൗര്‍ജ്ജമന്ത്രി അലക്‌സാണ്ടര്‍ നൊവാക് പറഞ്ഞു.
ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് 1200 കിലോമീറ്റര്‍ പൈപ്പാണ് ഇടേണ്ടത്. റഷ്യന്‍ സ്ഥാപനമായ ഗാസ്‌പ്രോം ആകും ഈ ദൗത്യം ഏറ്റെടുക്കുക. ചില പാക്ക് സ്ഥാപനങ്ങളും ഇന്ത്യയെ സഹായിക്കും. അടുത്ത വര്‍ഷം നിര്‍മ്മാണം തുടങ്ങും. ഇറാനിലെ പ്രകൃതി വാതകപ്പാടങ്ങളുടെ പട്ടിക ആദ്യം തയ്യാറാക്കും. തുടര്‍ന്ന് എവിടെ നിന്ന് പൈപ്പിടുന്നതാകും മെച്ചമെന്ന് വിലയിരുത്തും.
റഷ്യയാകും ഈ വാതകപ്പാടം വികസിപ്പിച്ച്, അവിടെ നിന്ന് പൈപ്പ് ഇന്ത്യയിലേക്ക് ഇട്ടു നല്‍കുക. ചെലവ് എത്രയാകുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. എണ്ണ, പ്രകൃതി വാതകം എന്നിവയാല്‍ സമ്പന്നമാണ് ഇറാന്‍. ഇന്ത്യയും ഇറാനും തമ്മില്‍ നല്ല സൗഹൃദത്തിലുമാണ്.
















