കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴിലുള്ള പ്രത്യേക കാര്‍ഡിയാക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്ററായ ഹൃദയാലയയില്‍ ഒരു സിസിയു കൂടി ആരംഭിച്ചു. സ്റ്റെപ്പ് ഡൗണ്‍ സിസിയുവാണ് ആരംഭിച്ചത്. ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം ആശുപത്രി ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ നിര്‍വഹിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള 8 രോഗികള്‍ക്കാണ് സ്റ്റെപ്പ് ഡൗണ്‍ സിസിയുവില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുക. നിലവിലുള്ള വിപുലമായ ഐസിസിയുവിനും ഐടിയുവിനും പുറമേയാണ് സ്റ്റെപ്പ് ഡൗണ്‍ സിസിയു ആരംഭിച്ചത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയാക് പ്രൊസീജറുകള്‍ ചെയ്യുന്ന കേന്ദ്രമായി ഹൃദയാലയ മാറിയ സാഹചര്യത്തിലാണ് ഹൃദയരോഗ ചികിത്സ തേടിയെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിയത്. വിശാലമായ സൗകര്യമൊരുക്കിയിട്ടും ഹൃദയരോഗ ചികിത്സ തേടിയെത്തുന്നവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം ഹൃദയാലയയില്‍ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് അതീവ ഗുരുതരാവസ്ഥയിലെത്തുന്ന ഹൃദ്രോഗികള്‍ക്ക് ചികിത്സാ സൗകര്യം ഉറപ്പാക്കാനായി ഒരു സിസിയു സൗകര്യം കൂടി ഒരുക്കിയതെന്ന് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ പറഞ്ഞു. ഡയരക്ടര്‍ ബോര്‍ഡ് അംഗം ഗൗരീ നമ്പ്യാര്‍, മാനേജിംഗ് ഡയരക്ടര്‍ കെ.രവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ സുധാകരന്‍, ഹൃദയാലയ മെഡിക്കല്‍ സൂപ്രണ്ട് ഡോ.എസ്.എം.അഷ്‌റഫ്, ഡോ പ്ലാസിഡ് സെബാസ്റ്റ്യന്‍, ആര്‍എംഒ ഡോ.കെ.എം.സൂരജ്, ഹൃദയാലയിലെ മറ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
















