ന്യൂദല്‍ഹി/ഷിംല: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പ്രേംകുമാര്‍ ധുമലിനെ ഹിമാചല്‍ പ്രദേശിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സോളാര്‍ ജില്ലയിലെ രാജ്ഗട്ടില്‍ നടന്ന പരിപാടിയില്‍ പ്രഖ്യാപിച്ചത്. രണ്ടുവട്ടം ഹിമാചല്‍ മുഖ്യമന്ത്രിയായ ധുമല്‍ സുജാന്‍പൂരില്‍ നിന്നാണ് ജനവിധി തേടുക.നവംബര്‍ 9നാണ് തെരഞ്ഞെടുപ്പ്. നിലവില്‍ പ്രതിപക്ഷ നേതാവാണ് ധുമല്‍.
1998-2003 ലും 2008-2012വരെയും ധുമല്‍ മുഖ്യമന്ത്രിയായിരുന്നു. വലിയ ജനപ്രീതിയുണ്ട്. 73 കാരനാണ്. ഹിമാചലിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സര്‍ക്കാരാണ് വീരഭദ്രസിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകാലമെന്ന് ധുമല്‍ കുറ്റപ്പെടുത്തി. ദേവഭൂമിയായ ഹിമാചലത്തെ ഇന്ന് മയക്കുമരുന്നിന്റെ ഭൂമിയാക്കി മാറ്റി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി മുഖ്യമന്ത്രിമാര്‍, പത്തോളം കേന്ദ്രമന്ത്രിമാര്‍ എന്നിവരെയാണ് ബിജെപി ഹിമാചലിലേക്ക് പ്രചാരണത്തിന് നിയോഗിച്ചിരിക്കുന്നത്. നവംബര്‍ 9ന് 68 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ഡിസംബര്‍ 18ന് പ്രഖ്യാപിക്കും.
















